മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിലെ മൂന്നാംപ്രതി അഭിനവ ഹാലശ്രീ സ്വാമിക്കെതിരെ ആരോപണവുമായി മറ്റൊരാൾകൂടി. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റ് തരപ്പെടുത്തിത്തരാം എന്നുപറഞ്ഞ് സ്വാമി കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് സഞ്ജയ് ചൗഡാല എന്നയാൾ മുഡർഗി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ശിരഹട്ടി താലൂക്കിലെ റാണതുര ഗ്രാമപഞ്ചായത്ത് പ്രൊജക്ട് ഡെവലപ്മെന്റ് ഓഫിസറായിരുന്നു സഞ്ജയ്.
കഴിഞ്ഞ മേയ് 10ന് നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ താൻ സ്വാമിക്ക് മൂന്ന് തവണകളായി കോടി രൂപ കൈമാറിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം പരാതിക്കാധാരമായ രേഖകൾ സഞ്ജയ് ഹാജരാക്കിയിട്ടില്ലെന്ന് ഗഡക് ജില്ല പൊലീസ് സൂപ്രണ്ട് ബാബസാഹെബ് നെമഗൗഡ് പറഞ്ഞു.
രേഖകൾ ആവശ്യപ്പെട്ട് പരാതിക്കാരന് നോട്ടീസ് നൽകിയിട്ടുണ്ട്. ലഭിച്ചാൽ കേസെടുത്തത് അന്വേഷിക്കും. ശിരഹട്ടി താലൂക്കിലെ ഹെബ്ബൽ സ്വദേശിയായ സഞ്ജയ് നിലവിൽ മുണ്ടഗിരി ടൗണിലാണ് താമസം.
ഈ കേസിലെ മുഖ്യപ്രതി ചൈത്ര കുന്താപുരയെയും കൂട്ടുപ്രതികളെയും ബംഗളൂരു അഡീ. ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന് കൈമാറി.
നേരത്തെ അനുവദിച്ച 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നാണിത്. ചൈത്ര കുന്താപുര നാലുദിവസം ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിനാൽ അത്രയും ദിവസം ചോദ്യംചെയ്യൽ മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.