മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് വിതരണത്തിൽ 185 കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്ന ആരോപണത്തിന്റെ വിശദാംശങ്ങൾ തേടി ക്രൈം ബ്രാഞ്ച് പൊലീസ് കെ.പി.സി.സി വക്താവ് എം.ലക്ഷ്മണിന് നോട്ടീസ് അയച്ചു. ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം സീറ്റ് വാഗ്ദാനം ചെയ്ത് സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയും കൂട്ടാളികളും വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന കേസിന്റെ അന്വേഷണ ഭാഗമാണിത്.
ചൈത്ര കുന്താപുര നിയമസഭ സീറ്റ് മോഹികളായ 17 പേരെ പണം വാങ്ങി വഞ്ചിച്ചുവെന്ന് മൈസൂറു സ്വദേശി ലക്ഷ്മൺ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി ചൈത്ര തട്ടിപ്പ് കേസ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബംഗളൂരു പൊലീസ് കമ്മീഷണർ ബി.ദയാനന്ദ പറഞ്ഞു. കോൺഗ്രസ് വക്താവിന്റെ സഹകരണം കേസ് അന്വേഷണത്തിന് സഹായകമാവും.ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ 23 പേർക്ക് ചൈത്ര നിയമസഭ സീറ്റുകൾ തരപ്പെടുത്തി നൽകുകയും വൻ തുക കൈപ്പറ്റുകയും ചെയ്തുവെന്ന് ലക്ഷ്മൺ പറയുന്നത് ബൈന്തൂർ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധിപ്പിക്കാവുന്ന കാര്യമാണ്.
ബൈന്തൂർ വഞ്ചന കേസ് മുഖ്യ പ്രതി ചൈത്രയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇതിനകം പണവും ആഭരണങ്ങളുമായി 2.76 കോടി രൂപ വിലയുള്ള വസ്തുവകകൾ പിടിച്ചെടുത്തതായി കമ്മീഷണർ പറഞ്ഞു. 56 ലക്ഷം രൂപ കേസിലെ മൂന്നാം പ്രതി അഭിനവ സ്വാമിയുമായി നടത്തിയ പരിശോധനയിൽ മഠത്തിൽ നിന്നും പിടിച്ചെടുത്തു. സ്വാമി ഭൂമി വാങ്ങുന്നതിനുള്ള മുൻകൂർ പണമായി നൽകിയ 20 ലക്ഷം രൂപ പ്രതിയുടെ അടുപ്പക്കാരനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ എട്ട് പ്രതികളുടേയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് നിർദേശപ്രകാരം മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.