ബംഗളൂരു: ധാർവാഡ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ ‘ധർമയുദ്ധം’ പ്രഖ്യാപിച്ച് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയ ലിംഗായത്ത് സ്വാമി ഫക്കീര ദിംഗലേശ്വർ സ്വാമി നാമനിർദേശ പത്രിക പിൻവലിച്ചു. തന്റെ മഠാധിപതിയായ ഗുരുവിന്റെ നിർദേശപ്രകാരമാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതെന്നും മണ്ഡലത്തിൽ ആരെ പിന്തുണക്കുമെന്നത് വൈകാതെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ കീഴിലുള്ള പ്രമുഖ മഠമായ കൊപ്പാലിലെ ഷിരഹട്ടി ഫക്കീരേശ്വർ മഠത്തിലെ സന്യാസിയാണ് ദിംഗലേശ്വർ സ്വാമി.
വീരശൈവ ലിംഗായത്ത് വിഭാഗത്തോടുള്ള പ്രൾഹാദ് ജോഷിയുടെ സമീപനത്തിനെതിരെയാണ് സ്വാമി ധാർവാഡിൽ സ്വതന്ത്രനായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ലിംഗായത്തുകൾക്ക് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്നും താരതമ്യേന ചെറിയ സമുദായമായ ബ്രാഹ്മണ സമുദായത്തിന് കൂടുതൽ പരിഗണന നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. താൻ വ്യക്തിപരമായി പ്രൾഹാദ് ജോഷിക്കെതിരല്ലെന്നും എന്നാൽ, അദ്ദേഹത്തിന്റെ സമീപനത്തോട് എതിർപ്പുണ്ടെന്നും ‘ധർമയുദ്ധം’ തുടരുമെന്നും സ്വാമി വ്യക്തമാക്കി.
കഴിഞ്ഞ നാലുതവണയായി ധാർവാഡ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പ്രൾഹാദ് ജോഷിക്ക് വീണ്ടും അവസരം നൽകിയതാണ് വീരശൈവ ലിംഗായത്ത് വിഭാഗത്തെ ചൊടിപ്പിച്ചത്. മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷവും വീരശൈവ ലിംഗായത്ത് സമുദായമാണ്. ലിംഗായത്ത് നേതാവായ ജഗദീഷ് ഷെട്ടാറിനെ രാഷ്ട്രീയമായി ഒതുക്കിയതടക്കമുള്ള വിഷയങ്ങൾ പ്രൾഹാദ് ജോഷിക്കെതിരെ സമുദായ വിമർശനത്തിന് കാരണമായിരുന്നു. അതേസമയം, പ്രൾഹാദ് ജോഷിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായ വിനോദ് അസൂദിക്ക് ദിംഗലേശ്വർ സ്വാമിയുടെ പിന്തുണ കോൺഗ്രസ് തേടി. പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകണമെന്ന് സ്വാമിയോട് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യർഥിച്ചിരുന്നു. നേരത്തെ സ്വാമി രംഗത്തുവന്നിരുന്നെങ്കിൽ കോൺഗ്രസ് പിന്തുണക്കുമായിരുന്നെന്നും തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം രംഗത്തുവന്നതെന്നും കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ചൂണ്ടിക്കാട്ടി. താൻ ഏതെങ്കിലും പാർട്ടിക്ക് എതിരോ അനുകൂലമോ അല്ലെന്നും മണ്ഡലത്തിൽ ആവശ്യമില്ലാത്ത ഒരാൾക്കെതിരായാണ് തന്റെ ‘ധർമയുദ്ധ’മെന്നും സ്വാമി പ്രതികരിച്ചു. പത്രിക പിൻവലിച്ച സാഹചര്യത്തിൽ പ്രൾഹാദ് ജോഷിക്കെതിരെ സ്വാമിയുടെ പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.