എസ്. ബലരാജ്, സുനിൽ ബോസ്

ചാമരാജ്​ നഗർ തിരിച്ചുപിടിക്കാൻ കോൺഗ്രസ്

കേരളത്തിലെ വയനാട്ടിനോടും തമിഴ്​നാട്ടിലെ നീലഗിരിയോടും അതിർത്തി പങ്കിടുന്ന കർഷക മണ്ഡലമാണ്​ ചാമരാജ്​ നഗർ. കാവേരി നദീ ജല തർക്കവും ബന്ദിപ്പൂരിലെ രാത്രി യാത്രാനിരോധനവും കർഷക പ്രശ്​നങ്ങളും വന്യജീവി ആക്രമണങ്ങളും പ്രധാന വിഷയമാവുന്ന മണ്ഡലം. മുൻ കൊല്ല​ഗൽ എം.എൽ.എ എസ്. ബലരാജ് ബി.ജെ.പിക്കായി മത്സരത്തിനിറങ്ങുമ്പോൾ ടി. നരസിപ്പുര എം.എൽ.എയും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ എച്ച്.സി. മഹാദേവപ്പയുടെ മകൻ സുനിൽ ബോസാണ് കോൺ​ഗ്രസിനു വേണ്ടിയിറങ്ങുന്നത്. ബി.എസ്.പിയുടെ കൃഷ്ണമൂർത്തിയും ഒരു കൈ നോക്കുന്നു. പിന്നാക്ക ജില്ല എന്ന ടാ​ഗ് ഒഴിവാക്കിക്കിട്ടാൻ വികസന പ്രവർത്തനങ്ങൾക്ക് തങ്ങളോടൊപ്പം നിൽക്കുന്നവരാരായാലും അവരെ ചാമരാജുകാർ പാർലമെന്‍റിലെത്തിക്കും. സിദ്ധരാമയ്യയുടെ നിയോജക മണ്ഡലമായ വരുണ ചാമരാജന​ഗർ ലോക്സഭ മണ്ഡലത്തിലാണ്. മണ്ഡലത്തിലെ കോൺ​ഗ്രസിന്‍റെ വിജയം സിദ്ധരാമയ്യയുടെ അഭിമാന പ്രശ്നം കൂടിയാണ്.

കോൺ​ഗ്രസ് സ്ഥാനാർഥിയെ തങ്ങൾക്ക് പരിചയമില്ലെങ്കിലും തങ്ങളുടെ വോട്ട് സിദ്ധരാമയ്യക്കാണെന്ന് പറയുന്നവരും മോദിക്കാണ് വോട്ടെന്നതു കൊണ്ട് സ്ഥാനാർഥിയെ നോക്കില്ലെന്ന് പറയുന്നവരും മണ്ഡലത്തിലുണ്ട്. സ്ഥാനാർഥി നിർണയത്തിൽ കോൺ​ഗ്രസിന്‍റെ പ്രഥമ പരി​ഗണന സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മഹാദേവപ്പക്കായിരുന്നെങ്കിലും അദ്ദേഹം തന്‍റെ മകനെ കളത്തിലിറക്കാൻ താൽപര്യപ്പെടുകയായിരുന്നു. മണ്ഡലത്തിലെ എട്ട് നിയോജക മണ്ഡലങ്ങളിൽ ഏഴെണ്ണവും കോൺ​ഗ്രസിന്‍റെ കൈയിലും ഒന്ന് ജെ.ഡി.എസിനുമാണ്. വികസിത് ഭാരത് എന്ന ലക്ഷ്യത്തിനായി മോദിയെ മൂന്നാം തവണയും വിജയിപ്പിക്കണമെന്നും കഴിഞ്ഞ പതിറ്റാണ്ടിലെ കേന്ദ്ര സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞുമാണ് ബി.ജെ.പി വോട്ട് പിടിക്കാനിറങ്ങുന്നത്. ബി.ജെ.പിയുടെ നുണപ്രചാരണങ്ങളെ തുറന്നുകാണിച്ച് അവശ്യവസ്തുക്കളുടെ വിലവർധനയടക്കം ചൂണ്ടിക്കാണിച്ച് വോട്ട് പിടിക്കാം എന്നതാണ് മണ്ഡലത്തിലെ കോൺ​ഗ്രസ് തന്ത്രം. സംസ്ഥാന സർക്കാറിന്‍റെ ​ഗ്യാരണ്ടി പദ്ധതികളും അനുകൂല ഘടകമാകുമെന്ന് കോൺ​ഗ്രസ് പ്രതീക്ഷിക്കുന്നു. കോൺ​ഗ്രസും ജനതാ ദളും തേരോട്ടം നടത്തിയ മണ്ഡലത്തിൽ 2019 ൽ ആണ് ബി.ജെ.പി ആദ്യമായി വിജയിക്കുന്നത്. മണ്ഡലത്തിൽ വലിയൊരു ശതമാനം വോട്ടും ദലിത്​ പിന്നാക്കക്കാരുടേതാണ്​. ഇരു പാർട്ടികളും ഈ വോട്ടുകളിൽ കണ്ണ് വെക്കുന്നുണ്ട്. 

ചാമരാജ് നഗർ ലോക്സഭ മണ്ഡലം

വോട്ടുനില 2019

  • വി. ശ്രീനിവാസ പ്രസാദ് (ബി.ജെ.പി​) - 568,537
  • ആർ. ദ്രുവനാരായണ (കോൺഗ്രസ്) - 5,66,720
  • ഡോ. ശിവകുമാർ (ബി.എസ്.പി​) - 87,631

നിയമസഭ മണ്ഡലങ്ങൾ (2023)

  • കോൺ​ഗ്രസ്: എച്ച്​.ഡി. കോ​ട്ടെ, വരുണ, ചാമരാജ്​ നഗർ, ഹാനൂർ, നഞ്ചൻകോട്​, ഗുണ്ടൽപേട്ട്​, ടി. നരസിപുര, കൊല്ലഗൽ
  • ജെ.ഡി.എസ്: ഹാനൂർ
Tags:    
News Summary - Lok sabha elections 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.