കല്യാണ കർണാടക മേഖലയിലെ സംവരണ സീറ്റാണ് റായ്ച്ചൂർ. ആറര ലക്ഷത്തോളം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുള്ള മണ്ഡലം. കോൺഗ്രസിലും ബി.ജെ.പിയിലുമായി വിഭജിച്ചു കിടക്കുകയാണ് ഈ വോട്ടുകൾ. മൂന്നു ലക്ഷത്തോളം വരുന്ന ലിംഗായത്ത് വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷ-പിന്നാക്ക വോട്ടുകളാണ് നിർണായകം. സിറ്റിങ് എം.പി അമരേശ്വര നായക് ബി.ജെ.പി ടിക്കറ്റിൽ വീണ്ടും മത്സരിക്കുമ്പോൾ കോൺഗ്രസിനായി മുൻ ഐ.എ.എസ് ഓഫിസർ കുമാർ നായക് ആണ് രംഗത്തുള്ളത്. കാലങ്ങളായി കോൺഗ്രസ് കൈവശം വെക്കുന്ന മണ്ഡലത്തിൽ നാലുതവണയേ എതിരാളികളോട് തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളൂ. സീറ്റുമോഹത്തിന്റെ പേരിൽ ബി.ജെ.പിക്ക് വിമത ഭീഷണിയുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നാണ് റായ്ച്ചൂർ. അത് നേതാക്കളിടപെട്ട് പരിഹരിച്ചത് പാർട്ടിക്ക് ആശ്വാസം നൽകുന്നുണ്ട്.
കല്യാണ കർണാടക മേഖലക്കായി യു.പി.എ കാലത്ത് പ്രത്യേക പദവി നൽകിയതും മോദി സർക്കാറിന്റെ കർഷകദ്രോഹ നയങ്ങളുമൊക്കെയാണ് കോൺഗ്രസിന്റെ പ്രചാരണ വിഷയം. കൂടാതെ റായ്ച്ചൂരിൽ ഡെപ്യൂട്ടി കമീഷണറായിരുന്ന സമയത്ത് വരൾച്ച സന്ദർഭങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതും വികസനപദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതുമെല്ലാം കുമാർ നായകിന്റെ ഭരണമികവായി കോൺഗ്രസ് എടുത്തുകാണിക്കുന്നു. സംസ്ഥാന സർക്കാർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഗ്യാരന്റി പദ്ധതികളുടെ എണ്ണം കോൺഗ്രസ് അധികാരത്തിൽ വന്നാൽ കൂടുമെന്ന് പ്രതീക്ഷിക്കുന്ന വോട്ടർമാരും മണ്ഡലത്തിലുണ്ട്.
നീതി ആയോഗിന്റെ കീഴിൽ റായ്ച്ചൂർ ജില്ലയെ ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിലുൾപ്പെടുത്തി വികസനം കൊണ്ടുവന്നതും പോഷകാഹാരക്കുറവ് പരിഹരിച്ചു തുടങ്ങിയവയാണ് ബി.ജെ.പിയുടെ അവകാശ വാദങ്ങൾ. മോദിയെ മുൻനിർത്തി മാത്രമാണ് ബി.ജെ.പി പ്രചാരണം. തൊഴിൽ തേടി നഗരങ്ങളിലേക്കുള്ള പലായനം, വരൾച്ചയും കൃഷിനാശവും, പോഷകാഹാരക്കുറവ്, സാക്ഷരതയില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളിലെ വികസനമില്ലായ്മ തുടങ്ങി വികസന പ്രവർത്തനങ്ങൾക്ക് തൊട്ടുകൂടായ്മ ബാധിച്ച മണ്ഡലമായിട്ടുകൂടി ഇവയല്ല തെരഞ്ഞെടുപ്പ് ചർച്ചാ വിഷയങ്ങൾ എന്നത് മണ്ഡലത്തിന്റെ വിധി. നെൽകൃഷി, സ്വർണം, കോട്ടൺ, വൈദ്യുതി തുടങ്ങിയവയുടെ നാടായ റായ്ച്ചൂർ ദീർഘദർശിയായ നേതാവിനെയാണ് തേടുന്നത്.
വോട്ടുനില 2019
നിയമസഭ മണ്ഡലങ്ങൾ (2023)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.