രാഷ്ട്രീയ അടിയൊഴുക്ക് ശക്തമായ മാണ്ഡ്യയിലെ തെരഞ്ഞെടുപ്പ് ഫലം കർണാടകയുടെ വിധി നിർണയിക്കാൻ പര്യാപ്തമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷണം. അതുകൊണ്ടു തന്നെയാണ് രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ മാണ്ഡ്യയിലെ ജനങ്ങളെ കാണാൻ നേരിട്ടെത്തുന്നത്. വൊക്കലിഗ വോട്ടിനുപുറമെ അഹിന്ദ വോട്ടുകളും വിധിനിർണയിക്കുന്ന, സംസ്ഥാനത്തെ ശ്രദ്ധേയമായ പോര് നടക്കുന്ന മണ്ഡലം. നഷ്ടഭൂമി തിരിച്ചുപിടിക്കാൻ ജെ.ഡി.എസിനായി മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിതന്നെ കളത്തിലിറങ്ങുമ്പോൾ കോൺഗ്രസിൽ നിന്നും ഗൗരിബിദനൂരിലെ സ്വതന്ത്ര എം.എൽ.എയുടെ സഹോദരനും മാണ്ഡ്യക്കാർക്ക് സ്റ്റാർ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കട്ടരമണ ഗൗഡയാണുള്ളത്.
ജനത പാർട്ടി ഒരു തവണ പാർലമെന്റിലെത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പിക്ക് ഇതുവരെ വിജയം രുചിക്കാൻ കഴിയാത്ത മണ്ഡലംകൂടിയാണ് മാണ്ഡ്യ. കർഷകസമരം, കാർഷിക കടങ്ങൾ, കർഷക ആത്മഹത്യ, കാവേരി നദീജല തർക്കം തുടങ്ങി ചർച്ച ചെയ്യാൻ നൂറുനൂറു പ്രശ്നങ്ങളുണ്ടായിട്ടും സ്ഥാനാർഥികളുടെ ജാതിയും അണികളുടെ പാർട്ടികൂറും ചർച്ച ചെയ്യുന്ന തരംതാഴ്ന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്ക് മാണ്ഡ്യ വേദിയാവുന്നു എന്നതുതന്നെയാണ് മണ്ഡലത്തിന്റെ ദുര്യോഗം. കഴിഞ്ഞ തവണ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയത് പിന്നീട് ബി.ജെ.പി പാളയത്തിലെത്തിയ സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷാണ്.
മണ്ഡലത്തിലെ 7.89 ലക്ഷം വരുന്ന വൊക്കലിഗ വോട്ടുകൾ കുമാരസ്വാമി തന്റെ അക്കൗണ്ടിലെത്തിച്ചാൽ കോൺഗ്രസിനത് ക്ഷീണമാകും. കുമാരസ്വാമി വിജയിച്ചുകഴിഞ്ഞാൽ കേന്ദ്രമന്ത്രിയാകുമെന്ന അടക്കംപറച്ചിൽ വോട്ടർമാർക്കിടയിലുണ്ട്. മാണ്ഡ്യയിലെ 90 ശതമാനം പേരുടെയും ഉപജീവനമാർഗം കൃഷിയുമായി ബന്ധപ്പെട്ടതായതുകൊണ്ട് തന്നെ കാവേരി നദീജല തർക്കം, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ തുടങ്ങിയ വിഷയങ്ങളിൽ സാഹചര്യങ്ങൾ കുമാരസ്വാമിക്കനുകൂലമാണ്. ജെ.ഡി.എസിന്റെ വൊക്കലിഗ വോട്ടുകളും ബി.ജെ.പിയുടെ വോട്ടുകളും കൂടെ ചേരുമ്പോൾ കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഇളകിയ ശക്തികേന്ദ്രം തിരിച്ചുപിടിക്കാനാകുമെന്നാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ. മാണ്ഡ്യയിലെ കർഷകരുടെയും വൊക്കലിഗരുടെയും പ്രഥമ പരിഗണന കിട്ടുന്ന പാർട്ടി എന്ന നിലക്ക് ജെ.ഡി.എസിന്റെ രാഷ്ട്രീയഭാവികൂടി നിർണയിക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. കർഷർക്ക് പ്രതീക്ഷയേകാൻ ജെ.ഡി.എസ് എന്ന പ്രതീതിയുണ്ടാക്കുന്നതിൽ കുമാരസ്വാമിയും കൂട്ടരും വിജയിച്ചിട്ടുണ്ട്.
തങ്ങളുടെ നടപ്പിലാക്കിയതും വാഗ്ദാനം ചെയ്തതുമായ സൗജന്യ പദ്ധതികൾക്കപ്പുറം സംസ്ഥാനത്തിന് നികുതി വിഹിതം അനുവദിക്കുന്നതിലെ കേന്ദ്ര വിവേചനം ചൂണ്ടിക്കാട്ടുന്നതോടൊപ്പം വരൾച്ച ദുരിതാശ്വാസ നിധി വൈകിപ്പിച്ചത് യൂനിയൻ ഗവൺമെന്റാണെന്ന് ഉറക്കെ പറയുകയും ചെയ്യുന്നുണ്ട് കോൺഗ്രസ്. മാണ്ഡ്യ ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട എട്ട് നിയോജക മണ്ഡലങ്ങളും 2018ൽ ജെ.ഡി.എസിനൊപ്പമായിരുന്നെങ്കിൽ 2023ൽ ആറെണ്ണം കോൺഗ്രസ് തൂത്തുവാരി. ആ വിജയത്തുടർച്ച മുറുകെ പിടിക്കാൻ കോൺഗ്രസിനാകുമോ അതോ നഷ്ടഭൂമി ജെ.ഡി.എസ് തിരികെ പിടിക്കുമോ എന്നതാണ് ചോദ്യം.
വോട്ടുനില 2019
സുമലത അംബരീഷ് (സ്വതന്ത്ര) - 703,660
നിഖിൽ കുമാരസ്വാമി (ജെ.ഡി-എസ്) - 5,77,784
നിയമസഭ മണ്ഡലങ്ങൾ (2023):
കോൺഗ്രസ്: മാണ്ഡ്യ, ശ്രീരംഗപട്ടണ, നാഗമംഗല, കൃഷ്ണരാജ നഗർ, മലവള്ളി, മദ്ദൂർ
ജെ.ഡി.എസ്: കൃഷ്ണരാജ് പേട്ട്
സർവോദയ കർണാടക പക്ഷ: മേലുക്കോട്ടെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.