ബംഗളൂരു: കർണാട-കേരള അന്തർസംസ്ഥാന പാതയായ വീരാജ്പേട്ട മാക്കൂട്ടം റോഡിൽ ബിട്ടൻകല മുതൽ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചു.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മലബാർ മുസ്ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ മുഖേന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് നിവേദനം നൽകിയിരുന്നു. അറ്റകുറ്റപ്പണി നടത്തി താൽക്കാലിക പരിഹാരം കണ്ടാൽ മാസങ്ങൾ പിന്നിടുമ്പോൾ വീണ്ടും പഴയ അവസ്ഥ തുടരുന്നതിനാൽ ശാശ്വതപരിഹാരമാണ് ആവശ്യമെന്നും മന്ത്രിയെ നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു.
ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ താൽക്കാലിക പരിഹാരംകൊണ്ട് കാര്യമില്ല. കർണാടക സംസ്ഥാന അതിർത്തിയിൽ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് മുതലായ ഭാഗങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽനിന്ന് കുടകിലേക്കും അവിടെനിന്ന് തിരിച്ചും ദിനേന നൂറുകണക്കിന് ചരക്ക് വാഹനങ്ങളും യാത്രക്കാരും ഉപയോഗിക്കുന്നതാണ് ഈ പാത.
കൂടാതെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ കുടകിൽനിന്നും മൈസൂർ ഭാഗത്തുനിന്നും എത്താൻ പറ്റുന്ന റൂട്ടാണിത്. സാധാരണക്കാരായ യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തിൽനിന്ന് നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നു. ഇതുകൂടാതെ ശബരിമല തീർഥാടകരും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ശബരിമല സീസൺ ആയതിനാൽ അവരുടെ യാത്രയും ദുഷ്കരമാകുന്ന സാഹചര്യവുമെല്ലാം കണക്കിലെടുത്താണ് എം.എൽ.എ നിവേദനം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.