ബംഗളൂരു: അന്തരിച്ച പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന് ആദരമർപ്പിച്ച് ബംഗളൂരുവിൽ ശനിയാഴ്ച സംഗീതനിശ അരങ്ങേറും. 'സിങ് ഫോർ കെ.കെ' എന്ന തലക്കെട്ടിൽ ബംഗളൂരു ഭാരതീയ മാളിൽ വൈകീട്ട് 6.30ന് നടക്കുന്ന സംഗീത പരിപാടിയിൽ കെ.കെയുടെ മക്കളായ നകുൽ കൃഷ്ണ, താമര കൃഷ്ണ എന്നിവർ വേദിയിലെത്തും.
53 വയസ്സിൽ നിൽക്കെ കഴിഞ്ഞ മേയ് 31ന് കെ.കെ ജീവിതത്തിൽനിന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയത് സംഗീതലോകത്തെ ഞെട്ടിച്ചിരുന്നു. കൊൽക്കത്തയിൽ ഒരു സംഗീത പരിപാടിക്കിടെ അവശത അനുഭവപ്പെട്ട് ഹോട്ടലിലേക്ക് മടങ്ങിയ അദ്ദേഹത്തെ കോണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തൃശൂരിൽ ജനിച്ച് പാൻ ഇന്ത്യൻ ഗായകനായി മാറിയ കെ.കെ ബോളിവുഡിലെ എണ്ണമറ്റ ഹിറ്റ് സോങ്ങുകൾക്ക് പുറമെ, തെന്നിന്ത്യൻ ഭാഷകളിലും ഹിറ്റൊരുക്കിയിരുന്നു. അച്ഛനുവേണ്ടി ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നത് വൈകാരികമാണെന്ന് നകുൽ കൃഷ്ണ പറഞ്ഞു.
വീട്ടിൽ എപ്പോഴും സംഗീതത്തിന്റെ അന്തരീക്ഷം അച്ഛൻ സൃഷ്ടിച്ചിരുന്നെങ്കിലും മനഃപൂർവം അദ്ദേഹം ഞങ്ങളെ ഗൈഡ് ചെയ്തിരുന്നില്ലെന്ന് താമര കൃഷ്ണ പറഞ്ഞു. കെ.കെയെ അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പാട്ടുകൾ മൂളി നടക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന്റെ പ്രത്യേകതയെന്ന് കെ.കെയുടെ കുടുംബസുഹൃത്തുകൂടിയായ കുനൽ ഗഞ്ജൻവാല പറഞ്ഞു. രഘുനാഥൻ, സുബീൻ ഗാർഗ്, സുപ്രതീക് ഘോഷ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.