ഓണച്ചന്തകൾക്ക് തുടക്കം; ആഘോഷത്തിനൊരുങ്ങി മലയാളി സംഘടനകൾ

ബംഗളൂരു: ഓണാഘോഷത്തിന് മുന്നോടിയായി ബംഗളൂരു, ഹൊസൂർ, മൈസൂരു എന്നിവിടങ്ങളിൽ ഓണച്ചന്തകൾക്ക് തുടക്കം. അവധി ദിനമായ ഞായറാഴ്ച വിവിധയിടങ്ങളിൽ ഓണാഘോഷ പരിപാടികൾ നടക്കും.മൈസൂർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിജയനഗറിലുള്ള സമാജത്തിന്റെ കമ്യൂണിറ്റി സെന്ററിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഒമ്പതു വരെയാണ് ചന്ത പ്രവർത്തിക്കുക.

വിവിധതരം പായസങ്ങൾ, പുളിയിഞ്ചി, നാട്ടിൽനിന്നുള്ള കായവറുത്തത്, ഉപ്പേരി, ശർക്കര വരട്ടി, പപ്പടം, നാടൻ നേന്ത്രപ്പഴം, പാലട, പച്ചക്കായ, വിവിധ തരം ഹൽവ, പയ്യോളി മിക്സ്ചർ മുതലായവ ലഭ്യമാകും. കേരളത്തിൽനിന്നുള്ള സെറ്റുമുണ്ട്, മറ്റ് പരമ്പരാഗത തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ മുതലായവ വിവിധ സ്റ്റാളുകളിൽ പ്രദർശനവും വിൽപനയും ഉണ്ടാകും. ഈ വർഷത്തെ ഓണസദ്യ സെപ്റ്റംബർ 18ന് ഒരുക്കും. സദ്യയുടെ കൂപ്പൺ ഓണച്ചന്തയിൽ ലഭിക്കുമെന്ന് മൈസൂർ കേരള സമാജം ജനറൽ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9845111729, 9448166261, 8088889288.

ദൂരവാണി നഗർകേരള സമാജത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഓണച്ചന്തക്ക് തുടക്കമാവും. ബംഗളൂരു എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി സ്കൂളിൽ രാവിലെ ഒമ്പതുമുതൽ ബുധനാഴ്ച വൈകീട്ട് നാലുവരെ ചന്ത പ്രവർത്തിക്കും. 35 സ്റ്റാളുകളാണ് ചന്തയിൽ ഒരുക്കിയിട്ടുള്ളത്. മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ തരം അച്ചാറുകൾ, പായസം തുടങ്ങിയവ വിൽപനക്കുണ്ടാവും.

ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ഞായറാഴ്ച ആരംഭിക്കും. ബുധനാഴ്ച വരെ ഹൊസൂർ ബസ് സ്റ്റാൻഡിന് എതിർവശമുള്ള ജെ.എം.സി ഗോൾഡൻ കോംപ്ലക്സിൽ ചന്ത തുടരും. രാവിലെ 10 മുതൽ രാത്രി 8.30 വരെ ഓണച്ചന്ത തുറന്ന് പ്രവർത്തിക്കുമെന്നും കേരളത്തിൽനിന്നുള്ള നാടൻ വിഭവങ്ങൾ മിതമായ വിലക്ക് ഓണച്ചന്തയിൽ ലഭ്യമാക്കുമെന്നും ഓണച്ചന്ത കമ്മിറ്റി ചെയർമാൻ പി.കെ. അബൂ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് നിർധനരായ 25ഓളം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും നൽകും.

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൈസൂരു റോഡ് ബൈട്രായന പുര ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ ഓണച്ചന്ത സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ ഓണത്തിനാവശ്യമായ പഴം, പച്ചക്കറികൾ, മറ്റുൽപന്നങ്ങൾ എന്നിവ ലഭ്യമാക്കും. ഫോൺ: 9845185326, 9886631528.

കാഡുഗൊഡി കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഹാളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓണച്ചന്ത ഒരുക്കും. വിവിധയിനം പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും ചന്തയിൽ ലഭ്യമാക്കും. രാവിലെ 9.30 മുതൽ രാത്രി 7.30 വരെ ചന്ത പ്രവർത്തിക്കും. വിവരങ്ങൾക്ക് ഫോൺ: 9844160929, 9342827710.എച്ച്.എ.എൽ അന്നസാന്ദ്ര പാളയ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ കൈരളിനിലയം കലാസമിതി സ്കൂൾ അങ്കണത്തിൽ ചൊവ്വാഴ്ച വൈകീട്ട്‌ നാലിന് ഓണച്ചന്ത ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 11 വരെ ഉണ്ടാകുമെന്ന് കൺവീനർ അറിയിച്ചു. ഫോൺ: 9916581129.

കേരള സമാജം പൂക്കള മത്സരം ഇന്ന്

ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഞായറാഴ്ച നടക്കും. ഇന്ദിരാനഗറിലെ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കും. പൂക്കളും ഇലകളും മാത്രം ഉപയോഗിച്ച് അഞ്ചു പേരടങ്ങുന്ന ടീമുകളായാണ് മത്സരം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനമായി 10,000 രൂപയും ഒ.കെ.എം രാജീവ്‌ മെമ്മോറിയല്‍ റോളിങ് ട്രോഫിയും രണ്ടാംസമ്മാനമായി 5000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും നൽകും. അഞ്ചു ടീമുകള്‍ക്ക് 1500 രൂപയും ട്രോഫിയും നല്‍കും.

കലാവേദി ഓണോത്സവം-2022

ബംഗളൂരു: മാറത്തഹള്ളിയിലെ കലാവേദിയുടെ ഓണാഘോഷം 'ഓണോത്സവം-2022' ഞായറാഴ്ച നടക്കും. മാറത്തഹള്ളി റിങ് റോഡ് കലാഭവനിൽ രാവിലെ 11.30ന് ആരംഭിക്കുന്ന ആഘോഷത്തിന് ഡബിൾ തായമ്പകയും നൃത്തപരിപാടികളും മാറ്റേകും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതുപരിപാടിയിൽ നടൻ ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയാവും.

സംവിധായകനും നിർമാതാവുമായ സലിം അഹമ്മദ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കലാവേദി പ്രസിഡന്റ് ടി. രമേശ്, വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ചെയർമാനുമായ ആർ.കെ.എൻ. പിള്ള, പി.കെ. സുധീഷ്, പി.വി.എൻ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.പി. പത്മകുമാർ തുടങ്ങിയവർ സംസാരിക്കും. രഞ്ജിനി ജോസ്, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും. ഫോൺ: 94825 77865.

ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ

ബംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 10, 11 തീയതികളിൽ ഇന്ദിര നഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽ നടക്കും. 10ന് വൈകീട്ട് ആറിന് നടക്കുന്ന പൊതുപരിപാടിയിൽ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയാവും. നടി മേഘ്നരാജ് പങ്കെടുക്കും. പ്രസിഡന്റ് സഞ്ജയ് അലക്സ്, വൈസ് പ്രസിഡന്റ് വി.പി.എം. തിലകൻ, ടോണി അഗസ്റ്റിൻ, സോബിൻ സോമൽ, മനോജ് വർഗീസ് എന്നിവർ സംസാരിക്കും. തുടർന്ന് ഇ.സി.എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. 11ന് ഓണസദ്യ, പൂക്കള മത്സരം, ഓട്ടന്തുള്ളൽ, പഞ്ചവാദ്യം, സോപാനസംഗീതം എന്നിവയുണ്ടാകും. വൈകീട്ട് 6.30ന് ശ്വേത മോഹനും വിധു പ്രതാപും അവതരിപ്പിക്കുന്ന ഗാനമേളയോടെ ഓണോത്സവത്തിന് സമാപനമാവും.

ബൈട്രായനപുര ഓണാഘോഷം

ബംഗളൂരു: ബൈട്രായനപുര നിയോജക മണ്ഡലം ഓണാഘോഷം സെപ്റ്റംബർ 17ന് നടക്കും. രാവിലെ 10.30 മുതൽ കോടിഗെഹള്ളി ഗേറ്റിന് സമീപത്തെ ഗുണ്ടാഞ്ജനേയ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ മണ്ഡലത്തിലെ എല്ലാ മലയാളി സംഘടനകളും ഒത്തുകൂടും. ബൈട്രായനപുര എം.എൽ.എ കൃഷ്ണ ബൈരെ ഗൗഡയാണ് മണ്ഡലത്തിലെ മലയാളികൾക്കുവേണ്ടി ഓണാഘോഷം സംഘടിപ്പിക്കുന്നത്. വൈകീട്ട് മൂന്നുവരെയാണ് പരിപാടി. മലയാള-കന്നട-തമിഴ് ചലച്ചിത്രതാരം റേച്ചൽ ഡേവിഡ് മുഖ്യാതിഥിയാവും.

അത്തപ്പൂക്കളം, ചെണ്ടമേളം, തിരുവാതിര, വിവിധ കലാപരിപാടികൾ, സംഗീത പരിപാടികൾ, വിവിധ സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. ഓണസദ്യയും ഒരുക്കുമെന്ന് പ്രോഗ്രാം കോഓഡിനേറ്റർമാരായ സുനിൽ തോമസ് കുട്ടൻകേരിൽ, സുരേഷ് ബാബു എന്നിവർ അറിയിച്ചു. ഫോൺ: 9632524264, 9448019005.

Tags:    
News Summary - Malayalee organizations are getting ready for the onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.