ബംഗളൂരു: രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിന് നിർണായക സംഭാവനകൾ നൽകിയ വ്യക്തിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കുന്ന വ്യക്തിയാണ്. ലാളിത്യവും മാന്യതയുമുള്ള സൗമ്യനായ രാഷ്ട്രീയക്കാരനും സമാനതകളില്ലാത്ത ഭരണാധികാരിയുമാണദ്ദേഹം.
ഇന്നത്തെ പാകിസ്താനിൽപെട്ട ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അവിടെ നിന്നാണ് മൻമോഹൻ സിങ് എന്ന ലോകമറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നത്. ഇന്ത്യ സാമ്പത്തികമായി പ്രതിസന്ധിയിലകപ്പെട്ട സന്ദർഭത്തിൽ അദ്ദേഹം രാജ്യത്തെ രക്ഷിച്ചു.
അദ്ദേഹം പ്രധാനമന്ത്രിയായ 10 വർഷം സാമൂഹിക, സാമ്പത്തിക മേഖലകളിൽ രാജ്യം വളർന്നു. രാജ്യം ഇതുവരെ കണ്ടതിൽ ഏറ്റവും സത്യസന്ധതയും നീതിബോധവുമുള്ള പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ രൂപവത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ സമർപ്പണം നമുക്കെല്ലാം മാതൃകയാണ്.
അദ്ദേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ് താൻ കർണാടകയിൽ പല ജനക്ഷേമ പദ്ധതികളും രൂപവത്കരിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിദ്ധരാമയ്യ ആദ്യമായി കർണാടക മുഖ്യമന്ത്രിയാകുന്നത്. രാഷ്ട്ര തന്ത്രവും സത്യസന്ധതയും കൊണ്ട് നിർവചിക്കപ്പെട്ട ഒരു യുഗത്തിനാണ് ഇവിടെ അവസാനമായിരിക്കുന്നതെന്നാണ് ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഗതി നിർണയിച്ചയാൾ എന്ന നിലക്ക് കാലം അദ്ദേഹത്തെ എന്നും ഓർക്കുമെന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് അദ്ദേഹമാണെന്നും ഗൗഡ ഓർമിപ്പിച്ചു.
അദ്ദേഹത്തോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് ഇന്നലെ കർണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരുന്നു. ബെളഗാവിയിൽ നടക്കുന്ന കോൺഗ്രസ് സമ്മേളന ശതാബ്ദിയുടെ രണ്ടാം ദിവസം നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.