ബംഗളൂരു: ഇടവേളക്കുശേഷം മഴ തുടങ്ങിയപ്പോഴേക്കും നഗരത്തിൽ ജനജീവിതം ദുഷ്കരമായി. നഗരത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ബി.ബി.എം.പിയുടെ 198 വാർഡുകളിൽ ദുരന്തനിവാരണ സെൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബംഗളൂരുവിലും തെക്കൻ കർണാടകയിലും കുറച്ചുദിവസങ്ങൾ കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചിട്ടുണ്ട്. കുടക് ജില്ലയിൽ ഓറഞ്ച് അലർട്ടും ദക്ഷിണ കന്നഡ, ചാമരാജ്നഗർ, ചിക്കമഗളൂരു, ഹാസൻ, മണ്ഡ്യ, മൈസൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ നാലു ദിവസമായി മഴയുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടിനൊപ്പം കുഴികളും രൂപപ്പെട്ടു. മെട്രോ നിർമാണപ്രവൃത്തികൾ നടക്കുന്ന മേഖലകളിൽ റോഡുകളിൽ ചളിനിറഞ്ഞത് ദുരിതം കൂട്ടി.
ബംഗളൂരു നഗരത്തിൽ ബെള്ളാരി റോഡിൽ മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെ കഴിഞ്ഞദിവസം വെള്ളക്കെട്ട് രൂക്ഷമായി. വിമാനത്താവള യാത്രക്കാരടക്കം വഴിയിൽ മണിക്കൂറുകൾ കുടുങ്ങി. ഔട്ടർ റിങ് റോഡിൽ കസ്തൂരി നഗറിൽ വെള്ളക്കെട്ടിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ബാനസവാടി മെയിൻ റോഡ്, അനിൽ കുംബ്ലെ സർക്കിൾ, ക്വീൻസ് റോഡ്, കല്യാൺനഗർ, ദിന്നൂർ മെയിൻ റോഡ്, ജയമഹൽ മെയിൻ റോഡ്, വീരണ്ണപാളയ, ലാൽബാഗ് മെയിൻ ഗേറ്റ്, ടിൻ ഫാക്ടറി ജങ്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ജയമഹൽപാലസ് റോഡ്, സാങ്കി റോഡ്, കാവേരി ജങ്ഷൻ, കെ.ആർ സർക്കിൾ എന്നിവിടങ്ങളിലെ അടിപ്പാതകളിൽ വെള്ളം കയറിയിരുന്നു.
റോഡുകളുടെ ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടതും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സമീപകാലത്ത് ടാറിങ് നടത്തിയ റോഡുകളിൽ കുഴികൾക്ക് പുറമേ ആൾനൂഴികളുടെ സ്ലാബുകൾ തകർന്നത് വൻ അപകടഭീഷണിയുമായി. ചെറുമഴ പെയ്താൽ പോലും അറ്റകുറ്റപ്പണി നടത്തിയ റോഡുകൾ വീണ്ടും തകരുകയാണ്. പലയിടത്തും കുഴികളിൽ മരക്കമ്പുകളും ടയറുകളും വീപ്പകളും സ്ഥാപിച്ചാണ് ട്രാഫിക് പൊലീസ് അപകട മുന്നറിയിപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.