ഗോപാൽ ജോഷി

ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് പണംതട്ടി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും സഹോദര പുത്രനും അറസ്റ്റിൽ

ബംഗളൂരു: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് ജെ.ഡി.എസ് മുൻ എം.എൽ.എയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും സഹോദരപുത്രനും അറസ്റ്റിൽ.

സഹോദരൻ ഗോപാൽ ജോഷി, ഗോപാൽ ജോഷിയുടെ മകൻ അജയ് ജോഷി എന്നിവരെയാണ് ബംഗളൂരു ബസവേശ്വര നഗർ പൊലീസ് ശനിയാഴ്ച മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയത്. ഗോപാൽ ജോഷിയെ കോലാപൂരിൽനിന്നും അജയിനെ പുണെയിൽനിന്നുമാണ് പിടികൂടിയത്. കേസിൽ സോമശേഖർ നായ്ക്ക്, വിജയകുമാരി എന്നീ പ്രതികൾ നേരത്തേ പിടിയിലായിരുന്നു. പ്രഹ്ലാദ് ജോഷിയുടെ സഹോദരി ‘വിജയലക്ഷ്മി ജോഷി’ എന്നാണ് വിജയകുമാരി തട്ടിപ്പിനായി ഇരകളോട് സ്വയം പരിചയപ്പെടുത്തിയത്.

നാഗത്താനയിലെ മുൻ ജെ.ഡി.എസ് എം.എൽ.എ ദേവാനന്ദ് ഫൂലെ സിങ് ചവാന്റെ ഭാര്യ സുനിത ചവാൻ നൽകിയ പരാതിയിലാണ് കേസ്. രണ്ടുകോടി രൂപ ഗോപാൽ ജോഷി തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഭർത്താവിനെ വിജയപുര മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് ആദ്യം 25 ലക്ഷം രൂപ വാങ്ങി. ഗോപാൽ ജോഷിയുടെ ആവശ്യപ്രകാരം ‘വിജയലക്ഷ്മി’യുടെ വീട്ടിലാണ് പണം കൈമാറിയത്. സീറ്റ് ലഭിക്കാത്തതിനെതുടർന്ന് ഗോപാൽ ജോഷിയെ സമീപിച്ചപ്പോൾ 200 കോടി രൂപ ഒരു പദ്ധതിയിൽനിന്ന് ലഭിക്കാനുണ്ടെന്നും അതു ലഭിച്ചാൽ പണം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് 1.75 കോടി രൂപ വായ്പയായി ഗോപാൽ ജോഷി വാങ്ങിയെന്നും പരാതിയിൽ പറയുന്നു. ഗോപാൽ ജോഷിയെ ഹുബ്ബള്ളി ഇന്ദിര കോളനിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

അതേസമയം, എഫ്.​ഐ.ആറിൽ ഗോപാൽ ജോഷിയുമായി തനിക്ക് കഴിഞ്ഞ 32 വർഷമായി ഒരു ബന്ധവുമില്ലെന്നും ‘വിജയലക്ഷ്മി’ എന്ന സ്ത്രീയെ തന്റെ സഹോദരിയായി പരാമർശിച്ചത് വസ്തുതാപരമായി തെറ്റാണെന്നും തനിക്ക് സഹോദരിമാരില്ലെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. തന്റെ സഹോദരനെന്നോ ബന്ധുക്കളെന്നോ സുഹൃത്തുക്കളെന്നോ പേരുപറഞ്ഞ് ആരെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയാൽ തനിക്ക് അതുമായി ഒരു ബന്ധവുമുണ്ടാവില്ലെന്ന് 2012 നവംബർ ഒമ്പതിന് പൊതു അറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Money Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.