ബംഗളൂരു: കർണാടകയുടെ മഴക്കാല ദൃശ്യങ്ങൾ ആസ്വദിക്കാൻ കർണാടക ആർ.ടി.സിയുടെ വിനോദ സഞ്ചാര പാക്കേജ്. ജോഗ്, ഗഗനചുക്കി, ബാരാചുക്കി വെള്ളച്ചാട്ടങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് യാത്ര. ബംഗളൂരുവിൽ നിന്ന് ശിവമൊഗ്ഗയിലെ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് നോൺ എ.സി സ്ലീപ്പർ ബസ് സർവിസ് വെള്ളിയാഴ്ച ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ മജസ്റ്റിക് കെംപഗൗഡ ടെർമിനലിൽ നിന്ന് രാത്രി 10.30ന് പുറപ്പെടും. തിരിച്ച് ബംഗളൂരുവിലേക്കുള്ള സർവിസ് ശിവമൊഗ്ഗയിലെ സാഗരയിൽനിന്ന് രാത്രി 10ന് പുറപ്പെടും. മുതിർന്നവർക്ക് ഭക്ഷണം ഉൾപ്പെടെ 3000 രൂപയും കുട്ടികൾക്ക് (6-12 വയസ്സ് വരെ) 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സോമനാഥപുര- തലക്കാട്- ഗഗനചുക്കി- മധ്യരംഗ- ബാരാചുക്കി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ സർവിസ്. ഇതിനായി ശനി, ഞായർ ദിവസങ്ങളിൽ എക്സ്പ്രസ് ബസ് മജസ്റ്റിക്കിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടും. ആദ്യ സർവിസ് ശനിയാഴ്ച ആരംഭിക്കും. തിരിച്ച് ബംഗളൂരുവിലേക്ക് ഗഗനചുക്കിയിൽ നിന്ന് രാത്രി ഒമ്പതിന് ബസ് പുറപ്പെടും. ഭക്ഷണം ഉൾപ്പെടാതെ മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന്: www.ksrtc.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.