ബംഗളൂരു: സംസ്ഥാന പൊലീസിന് കീഴിലെ ഹൈവേ പട്രോളിങ് വാഹനങ്ങളിൽ ഡാഷ്ബോർഡ് കാമറകൾ ഘടിപ്പിക്കുന്നു. പൊലീസുകാർക്ക് ദേഹത്ത് ഘടിപ്പിക്കാവുന്ന കാമറകളും നിർബന്ധമാക്കും.
നിലവിൽ ബംഗളൂരുവിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഇത്തരം കാമറകൾ ഉപയോഗിക്കുന്നത്. നഗരത്തിലെ പൊലീസ് വാഹനങ്ങളിൽ ഇൗയടുത്താണ് ഡാഷ്ബോർഡ് കാമറകൾ ഘടിപ്പിച്ചത്. ഇത് അടിയന്തര ഘട്ടങ്ങളിലെയും ആ സമയത്തെ പൊലീസിന്റെ നടപടികളെയും പിന്നീട് പരിശോധിക്കണമെങ്കിൽ സഹായകമാവും.
സിറ്റി പൊലീസ് കമീഷണറുടെയും അഡീഷനൽ കമീഷണർമാരുടെയും വാഹനങ്ങളിലുൾപ്പെടെ ഇതുവരെ 500ലധികം വാഹനങ്ങളിലാണ് കാമറ സ്ഥാപിച്ചത്. അപകടം, ബ്രേക്ക് ഡൗൺ, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഹൈവേ പട്രോളിങ് വാഹനങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും ഇത്തരം ഘട്ടങ്ങളിൽ ഇൗ കാമറകൾ ഏറെ ഉപകാരപ്പെടുമെന്നും അഡീഷനൽ ജനറൽ ഒാഫ് പൊലീസ്, അലോക് കുമാർ പറഞ്ഞു.
ഇവ വിവിധ തരത്തിലാണ് ഉപകാരപ്പെടുക. യഥാസമയത്തെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനാൽ അവ തെളിവുകളാണ്. അതോടൊപ്പം അപകടങ്ങളുടെ വിഡിയോ ലഭിക്കുന്നതോടെ അവ പഠനവിധേയമാക്കാൻ കഴിയും. ജീവനക്കാരെ നിരീക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ ഹൈവേകളിൽ 9800 അപകടം റിപ്പോർട്ട് ചെയ്തതിൽ 12,839 പേർക്ക് പരിക്കേൽക്കുകയും 3278 ജീവനുകൾ പൊലിയുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.