ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് കേസെടുത്തു. മൈസൂരു ലോകായുക്ത രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടുമുതൽ നാലുവരെ പ്രതികളാണ്.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി ഡിസംബർ 24നകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ബുധനാഴ്ച നിർദേശിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, വിശ്വാസവഞ്ചന, കൈക്കൂലി സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ശിക്ഷനിയമത്തിലെ 120 ബി, 166, 403, 406, 420, 465, 468, 340, 351, ഒമ്പത്, 13 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പരാതിക്കാരായ ബംഗളൂരു സ്വദേശി എസ്.പി. പ്രദീപ് കുമാർ, മൈസൂരു സ്വദേശി സ്നേഹമയി കൃഷ്ണ എന്നിവർ മൈസൂരു ഡിവിഷൻ ലോകായുക്ത എസ്.പി ടി.ജെ. ഉദേഷിന് പരാതി നൽകിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ വാദിക്കുന്നു.
ഇത് രാഷ്ട്രീയ കേസാണെന്നും ആദ്യമായല്ല തനിക്കെതിരെ രാഷ്ട്രീയ കേസ് രജിസ്റ്റർ ചെയ്യുന്നതെന്നും സിദ്ധരാമയ്യ വെള്ളിയാഴ്ച പ്രതികരിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ കർണാടകയിൽ പ്രതിഷേധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.