ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഭാര്യ പാർവതിയുടെ കത്തിന്റെ വിഡിയോ ദൃശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച പുറത്തുവിട്ടു.
മൈസൂരു നഗര വികസന അതോറിറ്റി അനധികൃതമായി തന്റെ ഭൂമി ഏറ്റെടുത്തതിനെതുടർന്ന് പകരം ഭൂമി ആവശ്യപ്പെട്ട് പാർവതി സിദ്ധരാമയ്യ മൈസൂരു നഗരവികസന അതോറിറ്റിക്ക് അയച്ച കത്താണ് പുറത്തുവിട്ടത്. ഇതിൽ ചില ഭാഗം മായ്ച്ചു കളഞ്ഞ നിലയിലാണ്. മുഡ ലേഔട്ട് രൂപപ്പെടുത്തിയ ദേവനുർ തേർഡ് സ്റ്റേജിലോ തത്തുല്യമായ മറ്റേതെങ്കിലും ലേഔട്ടിലോ പകരം ഭൂമി അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് തന്റെ ഭാര്യ ഉയർത്തിയതെന്ന് കത്ത് പരാമർശിച്ച് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
‘എന്റെ ഭൂമിക്ക് ഇതുവരെ പകരം ഭൂമി അതോറിറ്റി (മുഡ) നൽകിയിട്ടില്ല. എന്റെ മൂന്ന് ഏക്കർ 16 ഗുണ്ഡ വരുന്ന ഭൂമിക്ക് തുല്യമായ ഭൂമി ദേവനൂർ തേർഡ് സ്റ്റേജിലോ തത്തുല്യമായ മറ്റേതെങ്കിലും ലേഔട്ടിലോ അനുവദിക്കണം. അതിന് കഴിയില്ലെങ്കിൽ എന്റെ ഭൂമി തിരിച്ചുനൽകാൻ അപേക്ഷിക്കുന്നു.’- എന്നാണ് കത്തിലെ വരികൾ.
തങ്ങളുടെ കുടുംബ സ്വത്ത് മുഡ അനധികൃതമായി ഏറ്റെടുത്തതിന് പകരം ഭൂമി ആവശ്യപ്പെട്ട് സമർപ്പിച്ച ഭാര്യയുടെ കത്തിൽ മൂന്നോ നാലോ വാക്കിൽ വൈറ്റ്നർ മാർക്കിട്ടതിനെയാണ് ബി.ജെ.പിയും ജെ.ഡി-എസും സംശയകരമായി ഉന്നയിക്കുന്നതെന്ന് സിദ്ധരാമയ്യ എക്സിൽ കുറിച്ചു. ബി.ജെ.പിയുടെയും ജെ.ഡി-എസിന്റെയും നേതാക്കൾ വിദ്വേഷത്തിന്റെ കണ്ണാടി ഊരിമാറ്റണമെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ദേവനുർ ലേഔട്ടിൽ ഭൂമി ലഭ്യമല്ലാത്തതിനാലാണ് മൂന്നോ നാലോ വാക്കിൽ വൈറ്റ്നർ മാർക്കിട്ടത്. ആ കത്ത് അഡ്മിനിസ്ട്രേറ്റിവ് കുറിപ്പോ ഒരു ഉത്തരവോ അനുമതി കത്തോ ഒന്നമല്ലെന്നും തന്റെ ഭാര്യ അവരുടെ ഭൂമിക്കായി നൽകിയ അപേക്ഷ മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു വിജയനഗറിൽ തന്റെ ഭാര്യ ഭൂമി ആവശ്യപ്പെട്ടതായി ബി.ജെ.പി നടത്തിയ ആരോപണത്തിൽ ഇപ്പോഴവർ എന്തു പറയുമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു നഗരപ്രാന്തത്തിലുള്ള നാല് ഏക്കറോളം വരുന്ന ഭൂമിക്ക് പകരം ഉയർന്ന വിലയുള്ള പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഈ ഇടപാട് വഴി 4,000 മുതൽ 5000 കോടിയുടെ അഴിമതി നടന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാര ദുർവിനിയോഗം നടത്തിയതായും ബി.ജെ.പിയും ജെ.ഡി-എസും ആരോപിക്കുന്നു.
എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്ന് സിദ്ധരാമയ്യ വാദിക്കുന്നു. ഭാര്യ സഹോദരൻ മല്ലികാർജുന 1996 ൽ വാങ്ങിയ മൂന്ന് ഏക്കർ 16 ഗുണ്ഡ സ്ഥലം (ഒരു ഏക്കർ എന്നാൽ 40 ഗുണ്ഡ) സഹോദരിക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നെന്നും ഈ സ്ഥലം മൈസൂരു നഗരവികസന അതോറിറ്റി നടപടിക്രമം പാലിക്കാതെ പ്ലോട്ടുകളാക്കി വിറ്റതോടെ ഭാര്യയുടെ ഭൂമി നഷ്ടപ്പെട്ടതായും ഇതിന് തുല്യമായ ഭൂമി പിന്നീട് 50: 50 അനുപാത പദ്ധതിപ്രകാരം 14 ഇടങ്ങളിലായി മുഡ നൽകുകയായിരുന്നെന്നും സിദ്ധരാമയ്യ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.