ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യ ഹരജി ബംഗളൂരു കോടതി തള്ളി. സ്ത്രീയെന്ന പരിഗണന നൽകി തന്റെ കക്ഷിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു പവിത്ര ഗൗഡക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ, നടന്നത് ഹീനമായ കൊലപാതകമാണെന്നും സ്ത്രീയെന്നത് ജാമ്യത്തിനുള്ള കാരണമല്ലെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്നകുമാർ ചൂണ്ടിക്കാട്ടി. പവിത്ര ഗൗഡയുടെ ഡി.എൻ.എ പരിശോധനഫലം അടക്കമുള്ള, കേസിലെ തെളിവുകൾ സംബന്ധിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചെന്ന കാരണത്താൽ ആരാധകനായ രേണുക സ്വാമിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൂഗുദീപയും പവിത്ര ഗൗഡയുമടക്കം 17 പേരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ ജൂൺ ഒമ്പതിന് ബംഗളൂരു സുമനഹള്ളിയിലെ കനാലിൽ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ദർശന്റെയും പവിത്രയുടെയും അറസ്റ്റിലേക്ക് നയിച്ചത്. പവിത്ര ഗൗഡയുടെ നിർദേശ പ്രകാരം സുഹൃത്തായ ദർശനും കൂട്ടാളികളും ചേർന്ന് കൊല നടത്തുകയായിരുന്നു. പവിത്ര ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.