ബംഗളൂരു: കോലാർ മാലൂരിലെ ആനന്ദമാർഗ ആശ്രമത്തിലെ സ്വാമി ചിന്മയാനന്ദയെ (70) കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു സന്യാസിമാരടക്കം മൂന്നുപേർ അറസ്റ്റിൽ. ധർമപ്രണവാനന്ദ സ്വാമി, പ്രാണേശ്വരാനന്ദ സ്വാമി, അരുൺ കുമാർ (55) എന്നിവരാണ് പിടിയിലായത്. ആശ്രമത്തിനുകീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കൊലപാതകം.
ആശ്രമത്തിനുകീഴിലെ ഭൂമിയുടെയും ആനന്ദമാർഗ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപ്ലോമ കോളജിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് ആശ്രമത്തിൽ 2010 മുതൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ സന്യാസികൾക്കിടയിൽ രണ്ടു ഗ്രൂപ്പുകൾ ഉണ്ടായിരുന്നെന്നും കോലാർ എസ്.പി എം. നാരായൺ പറഞ്ഞു.
കഴിഞ്ഞദിവസം സ്വാമി ചിന്മയാനന്ദ പൂജക്കൊരുങ്ങവെ, ആചാര്യ ധർമ പ്രണവാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ഒരു സംഘം വടികളും ആയുധങ്ങളും മുളകുപൊടിയുമായി മുറിയിൽ പ്രവേശിക്കുകയും സ്വാമിയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ സ്വാമിയെ കോലാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.