ബംഗളൂരു: നമ്മ യാത്രി വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതിക്ക് ദുരനുഭവം നേരിട്ടതായി ആക്ഷേപം. സമൂഹ മാധ്യമം ‘എക്സി’ൽ വൻഷിത അഗർവാൾ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവെച്ചത്.
കഴിഞ്ഞദിവസം പുലർച്ച നാലിനായിരുന്നു സംഭവം. രണ്ടു സുഹൃത്തുക്കൾക്കും ഒരു കുട്ടിക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു താൻ. താമസസ്ഥലത്തെത്തിയപ്പോൾ മൊബൈൽ ആപ്പിൽ കാണിക്കുന്ന നിരക്ക് വളരെ കുറവാണെന്നും കൂടുതൽ പണം വേണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. തെറ്റായ ലൊക്കേഷൻ കാണിച്ചതിനാൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവന്നെന്നും ഡ്രൈവർ പറഞ്ഞു.
എന്നാൽ, താൻ കൃത്യമായ ലൊക്കേഷനാണ് കൊടുത്തതെന്നും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവന്നില്ലെന്നും പറഞ്ഞു. ഇതോടെ ഡ്രൈവർ കൂടുതൽ രോഷാകുലനായി. ആപ്പിൽ കാണിക്കുന്ന നിരക്ക് കുറവായതിനാൽ അതു പോരെന്ന് പറഞ്ഞു.
എന്നാൽ, ആപ് വഴി ബുക്ക് ചെയ്തതിനാൽ ആപ്പിൽ കാണിക്കുന്ന പണമേ നൽകാനാവൂവെന്ന് വാദിച്ചു. ഇതോടെ ഡ്രൈവർ കയർക്കുകയും ബഹളംവെക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഭയന്നുപോയ താനും കൂടെയുള്ളവരും താമസസ്ഥലത്തേക്ക് വേഗത്തിൽ നടന്നുപോയി സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചു. സെക്യൂരിറ്റി ജീവനക്കാരനായും ഡ്രൈവർ വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയം താൻ പൊലീസിനെ വിളിക്കുകയായിരുന്നു.’’ ഓട്ടോയുടെ നമ്പർസഹിതം യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന അടിക്കുറിപ്പോടെയാണ് യുവതി എക്സിൽ പോസ്റ്റ് ചെയ്തത്.
ഇതേത്തുടർന്ന് നമ്മ മെട്രോ ക്ഷമചോദിച്ച് എക്സിൽ മറുപടിനൽകി. അടുത്തിടെ ഒല ഓട്ടോ ഡ്രൈവറിൽനിന്ന് സമാനമായ അനുഭവം മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു. ഓൺലൈൻ ക്യാബുകളിലും യാത്രക്കാർക്ക് ദുരനുഭവം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ക്യാബിൽ എ.സി ഇടാൻ പറഞ്ഞ യാത്രക്കാരനോട് ഊബർ ഡ്രൈവർ മോശമായി പെരുമാറിയിരുന്നു. എ.സി ഇടില്ലെന്നും പറ്റില്ലെങ്കിൽ ട്രിപ് റദ്ദാക്കിക്കോളൂവെന്നുമാണത്രെ ഡ്രൈവർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.