മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ വനിത പൊലീസ് സ്റ്റേഷന് എട്ടടി മാത്രം അകലെ പട്ടാപ്പകൽ പതിനെട്ടുകാരിയെ യുവാവ് കുത്തിക്കൊന്ന സംഭവം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി ബി.ജെ.പി. കൊല്ലപ്പെട്ട ബണ്ട്വാൾ വിട്ടൽ അളികെയിലെ എം. ഗൗരിയുടെ വീട് ശനിയാഴ്ച കേന്ദ്രമന്ത്രി ഭാഗവത് ഖുബയും നേതാക്കളും സന്ദർശിച്ചു. പാർട്ടി കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പി, മുൻ എം.എൽ.എമാരായ പത്മനാഭ കൊത്താരി, സഞ്ജീവ മടന്തൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് മണ്ണുമാന്തി യന്ത്രം ഡ്രൈവറും മാണിനൽകൂറു നെയ്ബെലു സ്വദേശിയുമായ പി.എ. പത്മരാജ് (25) യുവതിയെ ആക്രമിച്ചത്. ആറു വർഷമായി തനിക്ക് പരിചയമുള്ള ഗൗരി തന്റെ പ്രണയം നിരസിച്ച് മറ്റൊരാളുമായി അടുപ്പത്തിലായതിലുള്ള പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ബണ്ട്വാൾ മാവിനക്കട്ടയിൽനിന്ന് അറസ്റ്റിലായ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. ഗൗരി വിട്ടൽ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഗൗരി പി.യു കോഴ്സ് കഴിഞ്ഞശേഷം മൂന്നാഴ്ച മുമ്പാണ് പുത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഫാൻസി കടയിൽ ജോലിക്ക് കയറിയത്. ഗൗരി തന്നിൽനിന്ന് അകലുകയാണെന്ന് മനസ്സിലാക്കിയ പത്മരാജ് താൻ നേരത്തേ സമ്മാനിച്ച മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. വാക്കേറ്റമുണ്ടായതിനെത്തുടർന്ന് യുവതി വിട്ടൽ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. രണ്ടു പേരെയും ഇൻസ്പെക്ടർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഇനി പരസ്പരം ബന്ധപ്പെടരുതെന്ന് താക്കീത് ചെയ്ത് വിട്ടെങ്കിലും പാലിച്ചില്ല.
സംഭവദിവസം ഉച്ചക്ക് 12.30ഓടെ ഗൗരി തന്റെ മൂന്നാഴ്ചത്തെ വേതനം കൈപ്പറ്റി ഇനി ജോലിക്കു വരില്ലെന്ന് അറിയിച്ചതായി കടയുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വനിത പൊലീസ് സ്റ്റേഷന്റെ എട്ടടി മാത്രം അരികെനിന്ന് യുവാവ് യുവതിയുടെ കഴുത്തിൽ വൈകീട്ട് മൂന്നോടെ തുരുതുരാ കുത്തിയ സംഭവം അതിഗൗരവമുള്ളതാണെന്ന് ബി.ജെ.പി നേതാക്കൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ആദ്യം പുത്തൂർ ഗവ. ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലും പ്രവേശിപ്പിച്ച യുവതി മരിക്കുകയായിരുന്നു. മൂന്നു പൊലീസ് സ്റ്റേഷനുകൾ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് യുവതി കുത്തേറ്റു വീണത്. തടയാൻ ശ്രമിച്ചവരെ ആക്രമി കത്തികാണിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.