ബംഗളൂരു: ഇത്തവണ കർണാടകയിലെ മംഗളൂരു വിമാനത്താവളത്തിൽനിന്ന് ഹജ്ജ് വിമാനങ്ങൾ ഉണ്ടാകില്ല. ഹജ്ജ് വിമാനങ്ങൾ പറത്താനായി വിവിധ കമ്പനികളിൽനിന്ന് വ്യാഴാഴ്ച വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ, ടെൻഡർ നോട്ടീസിൽ മംഗലാപുരം ഇടംപിടിച്ചിട്ടില്ല. കണ്ണൂർ, കൊച്ചി, കോഴിക്കോട്, ബംഗളൂരു അടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളിൽനിന്നാണ് ഇത്തവണ ഹജ്ജ് വിമാനങ്ങൾ സർവിസ് നടത്തുക.
കണ്ണൂരിൽനിന്ന് 2300, കൊച്ചിയിൽനിന്ന് 2700, കോഴിക്കോട്ടുനിന്ന് 8300, ബംഗളൂരുവിൽ നിന്ന് 6100 എന്നിങ്ങനെ തീർഥാടകർ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2010 മുതൽ 2019 വരെ ഹജ്ജ് എംബാർക്കേഷൻ പോയന്‍റായിരുന്നു മംഗലാപുരം വിമാനത്താവളം. 600നും 700നും ഇടയിൽ തീർഥാടകർ എല്ലാ വർഷവും ഇവിടെനിന്ന് ഹജ്ജിനായി പറന്നിരുന്നു.
കോവിഡ് കാലത്ത് മാത്രമാണ് മംഗളൂരുവിൽനിന്ന് ഹജ്ജ് വിമാനങ്ങൾ ഉണ്ടാകാതിരുന്നത്. മലയാളി ബന്ധമുള്ള നിരവധിയാളുകൾ താമസിക്കുന്ന കർണാടകയിലെ തന്നെ കുടക്, സുള്ള്യ, വീരാജ്പേട്ട, മംഗളൂരു പ്രദേശത്തുള്ളവർക്ക് ഇത് ദുരിതമാകും.ഇവർക്ക് ബംഗളൂരു വിമാനത്താവളത്തിൽ എത്തേണ്ടിവരും. കഴിഞ്ഞ വർഷം 2,752 പേരണ് കർണാടകയിൽനിന്ന് ഹജ്ജിന് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.