ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കുകയാണെന്നും ഇനി വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാറിന്റെ അവസരമാണെന്നും ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. അഞ്ചിന വാഗ്ദാനങ്ങളും ഈ സാമ്പത്തികവർഷംതന്നെ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് ഡി.കെയുടെ പരിഹാസവും ബി.ജെ.പിയോടുള്ള വെല്ലുവിളിയും. രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമുള്ള കേന്ദ്രസർക്കാറിന്റെ വാഗ്ദാനം നടപ്പാക്കുകയാണ് ഇനി വേണ്ടത്. കർണാടകയിലെ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കാൻ വൈകുന്നതിനെതിരെ ബി.ജെ.പി വിമർശനം ഉന്നയിച്ചിരുന്നു. വിദേശത്തുള്ള ഇന്ത്യയുടെ പണം തിരികെയെത്തിക്കുമെന്നും പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം പാലിക്കുകയാണ് അവർ ചെയ്യേണ്ടതെന്ന് ശിവകുമാർ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമി കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ പരിഹാസ്യമാണെന്ന് കളിയാക്കിയിരുന്നു. എന്നാൽ, കുമാരസ്വാമി വലിയ മനുഷ്യനാണെന്നും അദ്ദേഹത്തെക്കുറിച്ച് താൻ സംസാരിക്കില്ലെന്നും തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ടെന്നും കുമാരസ്വാമിയെ അദ്ദേഹത്തിന്റെ വഴിക്ക് വിടുകയാണെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. കർണാടകയിൽ ജൂൺ 11 മുതൽ എല്ലാ സ്ത്രീകൾക്കും സർക്കാർ ബസുകളിൽ സൗജന്യ ബസ് യാത്രക്കുള്ള പദ്ധതി നടപ്പാക്കുമെന്നും ഇതടക്കം കോൺഗ്രസ് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ സാമ്പത്തിക വർഷംതന്നെ തുടങ്ങുമെന്നും വെള്ളിയാഴ്ച മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി പദ്ധതി), കുടുംബനാഥകളായ സ്ത്രീകൾക്ക് മാസം 2000 രൂപ (ഗൃഹലക്ഷ്മി), ബി.പി.എൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി (അന്നഭാഗ്യ), തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3,000 രൂപ, ഡിപ്ലോമക്കാർക്ക് മാസം 1500 രൂപ (യുവനിധി), സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര (ശക്തി) എന്നീ അഞ്ച് പദ്ധതികളായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.