ബംഗളൂരു: ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി. 21 ഓട്ടോ യൂനിയനുകളും ബംഗളൂരുവിലെ 2.10 ലക്ഷം ഓട്ടോ ഡ്രൈവർമാരും പണിമുടക്കിന്റെ ഭാഗമായെന്നും നേതാക്കൾ അറിയിച്ചു.
സമരം നടത്തിയ നിരവധി പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി റെയിൽവേ സ്റ്റേഷനിൽ സമരം നടത്തിയ 300 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തെന്ന് ആദർശ് ഓട്ടോ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി സി. സമ്പത്ത് പറഞ്ഞു. ഇതിൽ പത്തോളം വനിതാ ഡ്രൈവർമാരും ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപത്ത് സമരം പാടില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. ബി.എം.ടി.സി ബസിലാണ് സമരക്കാരെ മൈസൂരു റോഡിലെ സിറ്റി ആംഡ് റിസർവ് ഹെഡ്ക്വാർട്ടേഴ്സ് മൈതാനത്തേക്ക് കൊണ്ടുപോയത്.
നഗരത്തിന്റെ വിവിധയിടങ്ങളിലായി നൂറുകണക്കിന് തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി യൂനിയൻ പ്രസിഡന്റ് എം. മഞ്ജുനാഥ് പറഞ്ഞു. രണ്ടായിരത്തോളം ഡ്രൈവർമാരെങ്കിലും അറസ്റ്റിലായിട്ടുണ്ടാകും. നഗരത്തിൽ റാപ്പിഡോ പോലുള്ള ഓൺലൈൻ ബൈക്കുകൾ നിയമവിരുദ്ധമായാണ് സർവിസ് നടത്തുന്നതെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓട്ടോ ഡ്രൈവർമാർ പണിമുടക്കിയത്.
ഒരു യാത്രക്കാരന് മാത്രമേ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യാനാകൂ എങ്കിലും കൂലി കുറവാണ്. ഇതിനാൽ യുവാക്കൾ ബൈക്ക് ടാക്സികളെയാണ് ആശ്രയിക്കുന്നത്. വിവിധ ഓട്ടോ സ്റ്റാൻഡുകളോടനുബന്ധിച്ചും ബൈക്ക് ടാക്സികൾ ഓടുന്നു. ഇതോടെ ഓട്ടോക്കാരുടെ വരുമാനം ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.