ബംഗളൂരു: ഓൺലൈൻ ഗ്രോസറി വെബ്സൈറ്റ് വഴി വാങ്ങിയ പാൽ പാക്കറ്റ് കേടുവന്നതിനെ തുടർന്ന് റീഫണ്ടിന് ശ്രമിച്ച വീട്ടമ്മക്ക് 77,000 രൂപ നഷ്ടമായി. ബംഗളൂരു കസ്തൂർബ നഗറിലെ 65കാരിയായ വീട്ടമ്മയെയാണ് ഓൺലൈൻ തട്ടിപ്പുകാർ കബളിപ്പിച്ചത്. മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ഒരു ലിറ്റർ പാലാണ് ഓർഡർ ചെയ്തത്. ലഭിച്ചപ്പോൾ പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. റീഫണ്ടിനുവേണ്ടി ഗൂഗിളിൽനിന്ന് ഹെൽപ് ലൈൻ നമ്പർ തപ്പിയെടുത്ത് വിളിച്ചു. പ്രസ്തുത കമ്പനിയുടെ കസ്റ്റമർ സർവിസിന്റേതെന്ന പേരിലായിരുന്നു നമ്പർ ഗൂഗിളിൽ നൽകിയിരുന്നത്.
ഈ നമ്പറിൽ വിളിച്ചപ്പോൾ, കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് എന്ന പേരിൽ ഒരാൾ ബന്ധപ്പെട്ടു. പാൽ പാക്കറ്റ് തിരിച്ചുനൽകാതെ തന്നെ മുഴുവൻ തുകയും റീഫണ്ട് നൽകാമെന്ന് അയാൾ അറിയിച്ചു. തുടർന്ന് വീട്ടമ്മയുടെ വാട്സ്ആപ് നമ്പർ വാങ്ങി അതിൽ നിർദേശങ്ങൾ നൽകാൻ തുടങ്ങി. അതിൽ തട്ടിപ്പുകാരുടെ യു.പി.ഐ ഐ.ഡിയിലേക്ക് പണം നൽകാനുള്ള ലിങ്കും ഉണ്ടായിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത വീട്ടമ്മ അവരുടെ ഡിജിറ്റൽ മണി പേമെന്റ് ആപ്പിലേക്ക് പ്രവേശിച്ചു. തട്ടിപ്പുകാരൻ ഫോണിൽ ആവശ്യപ്പെട്ടതുപ്രകാരം പിൻ നമ്പറും നൽകിയതോടെ 77,000 രൂപ നഷ്ടമായി.
ഉടൻ തട്ടിപ്പുകാരൻ ഫോൺ കട്ടാക്കി. ഇതോടെയാണ് താൻ തട്ടിപ്പിനിരയായത് വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടർന്ന്, സൈബർ ഹെൽപ് ലൈനിൽ പരാതി അറിയിച്ച ഇവർ ബൈട്യായനപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇത്തരം തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്നും അതത് വെബ്സൈറ്റുകളിൽ നൽകിയ കസ്റ്റമർ കെയർ നമ്പറുകളിൽ മാത്രമേ ബന്ധപ്പെടാവൂവെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.