ബംഗളൂരു: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ നോർത്ത് ബംഗളൂരുവിലെ മലയാളികൾക്കായി തസ്ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ ഈ മാസം 21ന് ബംഗളൂരു പാലസ് ഗ്രൗണ്ട് നാലപ്പാട് പവിലിയനിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായാണ് ഹെഗ്ഡെ നഗറിലെ എസ്.കെ.എഫ് ഹാളിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചത്. വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് കായക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു.
‘നമ്മുടെ കുടുംബം നമ്മുടെ മക്കൾ‘ എന്ന വിഷയത്തിൽ ഹാരിസ് കായക്കൊടി മുഖ്യപ്രഭാഷണം നടത്തി. മതരാഹിത്യത്തിലൂടെ അരാജകത്വത്തിന്റെ കെട്ടുകൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കെട്ടുറപ്പുള്ള കുടുംബങ്ങളുടെ തകർച്ചയിലാണ് പര്യവസാനിക്കുകയെന്നും മതപരമായ അറിവും ബോധവും ഉള്ള സമൂഹത്തിന് മാത്രമേ കെട്ടുറപ്പുള്ള കുടുംബങ്ങളെ പടുത്തുയർത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിസ്ഡം ബംഗളൂരു സെക്രട്ടറി ഹാരിസ് ബന്നൂർ അധ്യക്ഷത വഹിച്ചു. ഹെഗ്ഡെനഗർ ഏരിയ ട്രഷറർ റഹ്മത്ത് അലി സ്വാഗതം പറഞ്ഞു. സുൽനൂറയിൻ മസ്ജിദ് ഖത്തീബ് മുബാറക് അൽ ഹികമി, ഏരിയ ഭാരവാഹികളായ ഷുഹൈബ്, അജ്മൽ ജമാൽ എന്നിവർ നേതൃത്വം നൽകി.
ജൂലൈ 21ന് നടക്കുന്ന ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസിൽ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ടി.കെ. അഷ്റഫ്, ഹാരിസ് ബിൻ സലിം, ഹുസൈൻ സലഫി എന്നിവരോടൊപ്പം മത-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
5000ത്തോളം ആളുകൾ പങ്കെടുക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി ബംഗളൂരുവിലെ എല്ലാ മണ്ഡലങ്ങളിലും ശാഖകളിലും അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, സ്നേഹയാത്രകൾ, വാഹന പ്രചാരണം, വ്യത്യസ്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.