മംഗളൂരു: ഇന്ത്യൻ ഭരണഘടനയിൽ മാറ്റംവരുത്തണമെന്ന അഭിപ്രായം തനിക്കില്ലെന്ന് ഉഡുപ്പി പേജാവർ മഠാധിപതിയും അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീർഥ പറഞ്ഞു. ബംഗളൂരുവിൽ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ താൻ പറഞ്ഞത് വളച്ചൊടിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാവട്ടെ വസ്തുതയറിയാതെ ആ റിപ്പോർട്ട് അടിസ്ഥാനമാക്കി പ്രതികരിച്ചു. ഭരണഘടനയുടെ അന്തഃസത്ത നിലനിൽക്കണമെന്നാണ് തന്റെ നിലപാടെന്ന് സ്വാമി വിശ്വപ്രസന്ന തീർഥ മാധ്യമങ്ങളോട് പറഞ്ഞു.‘ഞാൻ ഭരണഘടനയെ ആദരിക്കുന്നു. അതിന്റെ സത്തക്കെതിരായ യാതൊരു നീക്കത്തെയും പിന്തുണക്കുന്നില്ല’-സ്വാമി വ്യക്തമാക്കി.
കഴിഞ്ഞ മാസം 23ന് ബംഗളൂരുവിൽ വി.എച്ച്.പി സംഘടിപ്പിച്ച സന്യാസിമാരുടെ സംഗമത്തിലായിരുന്നു സ്വാമിയുടെ പ്രസംഗം. അതിനെ വിമർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പേജാവർ മഠാധിപതിയുടെ ഉള്ളിലെന്താണെന്ന് മനസ്സിലാവുന്നില്ലെന്ന് പറയുകയും ചെയ്തു. ‘മുഖ്യമന്ത്രി കുറേക്കൂടി ഉത്തരവാദിത്തബോധത്തോടെ പ്രതികരിക്കണമായിരുന്നു. സർക്കാർ എല്ലാ വിഭാഗത്തെയും ഒരുപോലെ കാണണം, ന്യൂനപക്ഷ പ്രീണനം നിർത്തണം എന്നാണ് താൻ ബംഗളൂരുവിൽ പറഞ്ഞത്. അതിന് ഭരണഘടന മാറ്റണമെന്ന് എങ്ങനെയാണ് അർഥമാക്കുക’-മഠാധിപതി ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.