ബംഗളൂരു: മുൻ ബി.ജെ.പി നേതാവും ബെള്ളാരിയിലെ അനധികൃത ഇരുമ്പയിര് ഖനനകേസിലെ പ്രതിയുമായ ‘ഖനിരാജാവ്’ ജി. ജനാർദന റെഡ്ഡിയുടെയും ഭാര്യ ജി. ലക്ഷ്മി അരുണയുടെയും പേരിലുള്ള 82 വസ്തുവകകൾ ജപ്തിചെയ്യാൻ കോടതിയുടെ അനുമതി. കർണാടകയിലെ സിറ്റിങ് -മുൻ എം.എൽ.എമാർ, എം.പിമാർ എന്നിവർ ഉൾപ്പെട്ട ക്രിമിനൽകേസുകൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് അനുമതി നൽകിയത്.
കർണാടകയിലെ മുൻ മന്ത്രി കൂടിയായ ജനാർദന റെഡ്ഡിയുടെ ആറ്, ഭാര്യയുടെ 118 എന്നിങ്ങനെ വസ്തുക്കൾ ജപ്തിചെയ്യാനാണ് സി.ബി.ഐ അനുമതിതേടിയത്. എന്നാൽ, റെഡ്ഡിയുടെ അഞ്ച് സ്വത്തുക്കൾക്കാണ് അനുമതി കിട്ടിയത്. സി.ബി.ഐ അനുമതി തേടിയ ആറ് എണ്ണത്തിൽ ഒന്ന് റെഡ്ഡിയുടെ പേരിൽ അല്ലായിരുന്നു. ഖനനകേസിൽ 2012 പരാതികളാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വന്നത്.
2013ലാണ് റെഡ്ഡിയും ഭാര്യയും ഉൾപ്പെടുന്ന അനുബന്ധ കുറ്റപത്രം സി.ബി.ഐ നൽകിയത്. കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവാണ് ജനാർദന റെഡ്ഡി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ബി.ജെ.പി വിട്ട റെഡ്ഡി പുതിയ രാഷ്ട്രീയപ്പാർട്ടിയായ കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) രൂപവത്കരിച്ചിരുന്നു.
ഈ പാർട്ടിയുടെ ബാനറിൽ കൊപ്പാൾ ജില്ലയിലെ ഗംഗാവതിയിൽ നിന്ന് ജനാർദന റെഡ്ഡിയും ബല്ലാരിയിൽനിന്ന് ഭാര്യ അരുണ ലക്ഷ്മിയും മൽസരിച്ചിരുന്നു. എന്നാൽ, ഇരുവരും പരാജയപ്പെട്ടു. ജനാർദന റെഡ്ഡിയുടെ സഹോദരൻ സോമശേഖർ റെഡ്ഡിയായിരുന്നു അരുണയുടെ എതിർ സ്ഥാനാർഥി.
ഏറെ കാലമായി ബി.ജെ.പി നേതാക്കളുമായുള്ള ഭിന്നതയെ തുടർന്നാണ് റെഡ്ഡി ബി.ജെ.പി വിടുന്നത്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസിൽ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വർഷം ജയിലിൽ ആയിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നൽകുന്നത്. പാസ്പോർട്ട് സറണ്ടർ ചെയ്യുക, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലായിരുന്നു ജാമ്യം. സ്വന്തം മണ്ഡലമായ ബെള്ളാരിയിൽ പ്രവേശിക്കാനും അനുമതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.