ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു നഗരപരിധിയിലെ ആകെ പോളിങ് 54.53 ശതമാനം. ബി.ബി.എം.പി സെൻട്രൽ 55.45, ബി.ബി.എം.പി നോർത്ത് 52.88, ബി.ബി.എം.പി സൗത്ത് 52.80, ബാംഗ്ലൂർ അർബൻ 56.98 ശതമാനം എന്നിങ്ങനെയാണ് വോട്ടിങ് നില. ആകെ 28 മണ്ഡലങ്ങളുള്ള നഗരപരിധിയിൽ ബി.ജെ.പി 15, കോൺഗ്രസ് 12, ജെ.ഡി.എസ് ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
പൊതുവേ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ വിമുഖത കാണിക്കുന്നവരാണ് നഗരവാസികൾ. 2018ൽ ബംഗളൂരുവിൽ 55 ശതമാനമായിരുന്നു പോളിങ്. 2013ൽ 58.2 ശതമാനവും 2008ൽ 47.25 ശതമാനവുമായിരുന്നു. തെരഞ്ഞെടുപ്പ് ദിനമായ ബുധനാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ കമ്പനികളിൽ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്നും നിർദേശമുണ്ടായിരുന്നു. ഇതിനാൽ തന്നെ രാവിലെയോടെ തന്നെ നഗരത്തിലെ മിക്ക പോളിങ് സ്റ്റേഷനുകളിലും യുവജനങ്ങളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. മഴ മാറിനിന്നതും മിക്കവർക്കും ഗുണകരമായി.
പലയിടങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നവരായതിനാൽ സ്വന്തം സ്ഥലങ്ങളിൽ പോയി ചിലർ വോട്ടുചെയ്യാറുണ്ട്. തിരിച്ചറിയൽ കാർഡുള്ളവരുടേതടക്കം പേരുകൾ വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നുവെന്ന പരാതിയും നഗരവോട്ടർമാരിൽ ചിലർ ഉന്നയിക്കാറുണ്ട്. ഇതുണ്ടാക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കാനായി വോട്ടുചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയാണ് പലരും. ആർക്കു വോട്ടുചെയ്തിട്ടും കാര്യമില്ല എന്ന ചിന്താഗതിയും നല്ലൊരുശതമാനം വോട്ടർമാർക്കുമുണ്ട്. ഇത്തവണ നഗരത്തിലുള്ളവരുടെ വോട്ടുമടി ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമീഷനും ബി.ബി.എം.പിയും നേരത്തേ തന്നെ വിവിധ ബോധവത്കരണ പരിപാടികളടക്കം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.