ബംഗളൂരു: കർണാടകയിൽ ആദ്യഘട്ട പോളിങ്ങിൽ 69.56 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ തവണ ഒന്നാംഘട്ട പോളിങ്ങിൽ കർണാടകയിൽ 68.96 ശതമാനമായിരുന്നു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ചാമരാജ് നഗർ ഒഴികെയുള്ള മണ്ഡലങ്ങളിലെ പോളിങ്ങിനെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പുതിയ കണക്ക് പുറത്തുവിട്ടത്. ചാമരാജ് നഗറിലെ ഹാനൂരിൽ പോളിങ്ങിനെ ചൊല്ലി ഗ്രാമത്തിലെ ഇരുവിഭാഗക്കാർ തമ്മിലുണ്ടായ അക്രമത്തെതുടർന്ന് പോളിങ് ബൂത്ത് അടിച്ചുതകർത്തിരുന്നു. ഇതോടെയാണ് ഈ മണ്ഡലത്തിലെ പോളിങ് ശതമാനം തടഞ്ഞുവെച്ചത്. പോളിങ് തടസ്സപ്പെട്ട ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തും.
തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം മണ്ഡ്യയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്-81.67 ശതമാനം. 78.27 ശതമാനവുമായി കോലാറും 78.05 ശതമാനവുമായി തുമകൂരുവും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ബംഗളൂരു നഗരത്തിൽ ബംഗളൂരു സൗത്തിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്-53.17 ശതമാനം. ബംഗളൂരു സെൻട്രലിൽ 54.06ഉം ബംഗളൂരു നോർത്തിൽ 54.45ഉം ശതമാനം വോട്ട് രേഖപ്പെടുത്തി. 2019ൽ ബംഗളൂരു സൗത്ത് -53.70, ബംഗളൂരു സെൻട്രൽ -54.32, ബംഗളൂരു നോർത്ത് -54.76 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. മൂന്നു മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിൽ കൂടുതൽ പോളിങ് നടന്നു. 68.30 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 64.98 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ബംഗളൂരു നഗരത്തിൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം, വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് നടപടികൾ പൂർത്തിയായശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ ഇ.വി.എമ്മുകൾ സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂളിലെയും മൗണ്ട് കാർമൽ കോളജിലെയും 10 സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റിയത്. തുടർന്ന്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവ പരിശോധിച്ച് ഉറപ്പുവരുത്തി സ്ട്രോങ് റൂമുകൾ സീൽ ചെയ്ത് കാവൽ ഏർപ്പെടുത്തി. ബംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇ.വി.എമ്മുകൾ ജയനഗറിലെ ആർ.വി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മാറ്റി.
ബംഗളൂരു: ചാമരാജ് നഗർ ലോക്സഭ മണ്ഡലത്തിലെ ഹാനൂരിൽ ഇന്ദിഗട്ടയിലെ പോളിങ് സ്റ്റേഷനിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്. ഏപ്രിൽ 29ന് ആണ് റീപോളിങ് നടക്കുക. റിട്ടേണിങ് ഓഫിസറും പൊതുനിരീക്ഷകനും സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഏപ്രിൽ 26ന് ചാമരാജ്നഗറിലെ ഹൻസൂർ നിയോജക മണ്ഡലത്തിൽ ഇന്ദിഗട്ട വില്ലേജിലെ 146ാം പോളിങ് ബൂത്തിൽ നടന്ന വോട്ടിങ് 1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് റദ്ദാക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അയച്ച കത്തിൽ പറയുന്നു.
ഏപ്രിൽ 29ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയായി റീപോളിങ് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബൂത്തിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഒരു കൂട്ടം നാട്ടുകാർ പോളിങ് ബൂത്ത് കൈയേറി ഇ.വി.എം അടക്കം നശിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ബഹിഷ്കരണത്തിനിടെ ഒരു കൂട്ടം ആളുകൾ വോട്ടു ചെയ്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുകയും സംഘർഷത്തിൽ കലാശിക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും വോട്ടർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.