നാഗമ്മയുടെ വേദനകളിലൂടെ രാജ്യത്തി​ന്റെ ദുരവസ്ഥ പറഞ്ഞ് പ്രിയങ്ക

ധാർവാഡ് ജില്ലയിലെ നവാൽഗുണ്ട് മൈതാന​ത്ത് ഹെലികോപ്ടർ ഇറങ്ങിയ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോഡൽ സ്കൂളിനടുത്ത പൊതുസമ്മേളനം നടക്കുന്ന മൈതാനത്തേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ് റോഡരികിൽനിന്ന് 80കാരിയായ നാഗമ്മ കൈവീശിക്കാണിച്ചത്. ഉടൻ വണ്ടിനിർത്താനാവശ്യപ്പെട്ട പ്രിയങ്ക നാഗമ്മയുടെ താമസസ്ഥലവും കടയുമായ ആ ചെറിയ ഓടിട്ട കെട്ടിടത്തിനകത്തേക്ക് കയറി. ജനം കൂടിയപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് നിയ​ന്ത്രിച്ചത്.

നവാൽഗുണ്ടിലെ നാഗമ്മ കുടുംബത്തോടൊപ്പം

അരമണിക്കൂറോളം നാഗമ്മയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിച്ച പ്രിയങ്ക കട്ടൻ ചായയും കുടിച്ചാണ് യാത്ര തുടർന്നത്. പിന്നീട് പൊതുസമ്മേളനത്തിലുടനീളം നാഗമ്മയുടെ ജീവിത ദുരിതത്തിലൂടെ രാജ്യം നേരിടുന്ന വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങൾ വിവരിക്കുകയായിരുന്നു പ്രിയങ്ക.

രാജ്യത്തി​ന്റെയും കർണാടകയുടെയും സംസ്കാരവും സമ്പത്തും നശിപ്പിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്. അഞ്ചു വർഷവും അഴിമതിഭരണമാണ് സർക്കാർ നടത്തിയത്. 40 ശതമാനം കമീഷൻ സർക്കാറാണ് കർണാടകയിലേത്. കൈക്കൂലി നൽകാൻ കഴിയാത്തതിനാൽ കരാറുകാരൻ ആത്മഹത്യ ചെയ്തു. കൈക്കൂലി സംബന്ധിച്ച് പ്രധാനമന്ത്രിക്കുപോലും സ്കൂൾ മാനേജ്മെന്റുകൾ കത്തെഴുതിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. സ്കൂൾ കുട്ടികൾക്കുള്ള മുട്ട വിതരണം പോലും മുടങ്ങി. സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ച് പാചകവാതക വിലയടക്കം മാനംമുട്ടെ ഉയർത്തി. പെട്രോൾ, ഡീസൽ വില ചരിത്രത്തിലില്ലാത്തവിധം ഉയർന്നു. നി​ത്യോപയോഗ സാധനങ്ങൾക്കും വൻ വിലയായി. ചെറിയ കട നടത്തുന്ന നവാൽഗുണ്ടിലെ നാഗമ്മയുടെ സ്ഥിതിയാണ് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടേതും. അതിന് ഉത്തരവാദികൾ ബി.ജെ.പി സർക്കാറുകളാണ്. തെരഞ്ഞെടുപ്പിൽ ജനകീയ പ്രശ്നങ്ങൾ ചർച്ചയാകാതിരിക്കാനാണ് വിദ്വേഷ പ്രസംഗങ്ങളിൽ ബി.ജെ.പി നേതാക്കൾ രക്ഷതേടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലം സ്ഥാനാർഥി ജഗദീഷ് ഷെട്ടാറും വേദിയിൽ ഉണ്ടായിരുന്നു. ധാർവാഡിലെ കു​ണ്ടോളിൽ പ്രിയങ്കയുടെ റോഡ്ഷോയും ഉത്തരകന്നടയിലെ ഹലിയലിൽ പൊതുസമ്മേളനവും ഉണ്ടായിരുന്നു.

Tags:    
News Summary - Priyanka spoke about the plight of the country through the pains of Nagamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.