ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇപ്പോൾ ഭയപ്പെട്ടിരിക്കുന്നു. ഇനി ഏതാനും ദിവസം കഴിഞ്ഞാൽ അദ്ദേഹം പൊട്ടിക്കരയുമെന്നും വിജയപുരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. പട്ടിണി, വിലക്കയറ്റം, തൊഴിലില്ലായ്മ, സംവരണം തുടങ്ങിയ യാഥാർഥ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്ന് മാത്രമല്ല, അത്തരം വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ കൈയിലുള്ള പണം കൊള്ളയടിച്ചു. ഏതാനും പേരെ ബി.ജെ.പി കോടിപതികളാക്കുകയാണ് മോദി ചെയ്തതെന്ന് തുറന്നടിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് അധികാരത്തിൽ വന്നാൽ കോടിക്കണക്കിന് മനുഷ്യരെ ലക്ഷാധിപതികളാക്കുമെന്ന് പറഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച് പ്രധാനമന്ത്രി കോർപറേറ്റുകൾക്ക് നൽകിയ പണം കോൺഗ്രസ് ജനങ്ങൾക്കുതന്നെ തിരികെ നൽകും. ഇൻഡ്യ മുന്നണിയുടെ പോരാട്ടം ഭരണഘടന സംരക്ഷിക്കാനുള്ളതുകൂടിയാണെന്നും അദ്ദേഹം വിജയപുരയിലെ റാലിയിൽ പറഞ്ഞു. വൈകീട്ട് ബെള്ളാരിയിൽ നടന്ന റാലിയിലും രാഹുൽ പങ്കെടുത്തു. തൊഴിലില്ലായ്മ കോവിഡ് വ്യാപിച്ചത്ര വേഗത്തിലാണ് രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.