ബംഗളൂരു: ശക്തമായ മഴപെയ്ത സാഹചര്യത്തിൽ പരിഹാരനടപടികൾക്കും നിരീക്ഷണത്തിനുമായി ഓരോ വാർഡിലും എൻജിനീയർമാരെ നിയമിക്കും. ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ് വിളിച്ച മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു.
മൂന്നു ദിവസങ്ങൾ കൂടി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് നടപടി. മഴമൂലം നിരവധി റോഡുകൾ, വീടുകൾ, അടിപ്പാതകൾ തുടങ്ങിയവയിൽ വെള്ളംകയറുകയും യാത്രക്കാർക്കും താമസക്കാർക്കുമടക്കം ദുരിതമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
198 വാർഡുകളിലും ഓരോ എൻജിനീയർമാരെ വീതം നിയമിച്ച് ദുരിതാശ്വാസ നടപടികളും പരിഹാരനടപടികളും സ്വീകരിക്കാനാണ് തീരുമാനം. വെള്ളക്കെട്ട് ഒഴിവാക്കൽ, അഴുക്കുചാലുകൾ അടയുന്നത് ഒഴിവാക്കൽ, റോഡുകളിലെ കുഴികൾ അടക്കുക, നടപ്പാതകൾ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയവ ഇവരുടെ ചുമതലയായിരിക്കും. ബംഗളൂരു നഗരത്തിന്റെ വികസനകാര്യ ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞദിവസം രാത്രി ബി.ബി.എം.പി കമാൻഡ് സെന്റററിൽ അപ്രതീക്ഷ സന്ദർശനം നടത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.