ബംഗളൂരു: ഏപ്രിൽ ഒന്നിന് പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നു. ഉച്ചക്ക് 12.45 മുതൽ രാത്രി എട്ടുവരെയാണ് പരിപാടി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും.
സാമൂഹിക, സാംസ്കാരിക, മത രംഗത്ത് നാല് പതിറ്റാണ്ടു കാലം നിറഞ്ഞുനിന്ന ഹിറാ ഫൗണ്ടേഷൻ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പ്രഫ. കെ. മൂസയുടെ ഓർമകൾ പങ്കുവെക്കുന്ന ‘മൂസ സാഹിബ്, മഹാ നഗരത്തിൻ സ്പന്ദനം’ പുസ്തകം വേദിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഡോ. പി. നസീറിന് നൽകി പ്രകാശനം ചെയ്യും. കോളജ് അധ്യാപനത്തിൽനിന്ന് ബംഗളൂരുവിലെത്തി വ്യാപാരത്തോടൊപ്പം ജീവകാരുണ്യരംഗത്തും സാമൂഹിക വിദ്യാഭ്യാസ ഇടങ്ങളിലും കരുത്തുറ്റ സംഭാവന നൽകിയ പ്രഫ. കെ. മൂസയെ കേരളത്തിലെയും ബംഗളൂരുവിലെയും പ്രമുഖർ പുസ്തകത്തിൽ ഓർത്തെടുക്കുന്നുണ്ട്. ഈ സ്മരണിക ജമാഅത്തെ ഇസ്ലാമിയുടെ നാൾവഴികൾ കൂടിയാണ്.
‘വിശ്വാസി, കുടുംബം, സമൂഹം’ എന്ന പ്രമേയത്തിൽ നടക്കുന്ന ചർച്ചാസംഗമങ്ങൾക്ക് പരിസമാപ്തികൂടിയാണ് ഈ സംഗമം. ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയാണിത്. 2000 മുതൽ നടക്കുന്ന സംഗമത്തിന്റെ 24ാം വാർഷികമാണ് ഇത്തവണ. ‘വിശ്വാസിയുടെ ജീവിതം’ വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുബൈർ സംസാരിക്കും.
‘നാം നമ്മുടെ കുടുംബം’ - സുലൈമാൻ മേൽപുത്തൂർ, ‘ഖുർആനിലൂടെ ഹൃദയങ്ങളിലേക്ക്’ -ഡോ. വി.എം. സാഫിർ, ‘വിശ്വാസിയുടെ കുടുംബം, നിലവിലെ സാഹചര്യത്തിൽ’ -എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ. റമീസ് എന്നിവർ സംസാരിക്കും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് ആയിഷ ഹബീബ് നയിക്കുന്ന പാനൽ ചർച്ചയും നടക്കും. ഷബീർ മുഹ്സിൻ, ഡോ. ഷംസു ഫിർസാദ് തുടങ്ങിയവർ കിഡ്സ് റമദാൻ ഫെസ്റ്റ് സെഷനിൽ സംസാരിക്കും. ‘വിഷ്വൽ ട്രീറ്റ്’ കലാവിഷ്കാരം ഇത്തവണത്തെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.