ബംഗളൂരു: ജനതയുടെ സ്വാതന്ത്ര്യ, മതേതര, സോഷ്യലിസ്റ്റ് അഭിലാഷത്തിന്റെ മാഗ്ന കാർട്ടയാണ് ഭരണഘടനയെന്ന് ഡെന്നിസ് പോൾ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ സെമിനാറിൽ ‘ജനാധിപത്യം: അവകാശങ്ങളും ഉത്തരവാദിത്തവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ബഹുസ്വരസംസ്കാരവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നു എന്നതിനാൽ ഭരണഘടനയുടെ കരട് അംഗീകരിച്ച 1949 നവംബർ 26ന് തന്നെ അതിനെതിരെ എതിർപ്പുയർന്നിരുന്നു. ഭരണഘടന വിദേശമാതൃകകളുടെ അനുകരണമാണെന്നും പ്രാചീനഭാരതത്തിന്റെ മനുസ്മൃതിയാണ് ഭരണഘടനയാകേണ്ടത് എന്നുമായിരുന്നു അവരുടെ എതിർപ്പ്. ഇതൊക്കെ പാടേ അവഗണിച്ചാണ് ഭരണഘടന നിലവിൽ വന്നത്.
ഇന്നിപ്പോൾ ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. ഭരണഘടനാസംരക്ഷണത്തിന് ശ്രമിക്കുന്നവർ ഭീഷണി നേരിടുകയാണ്. ദേശീയതലത്തിൽ പരിമിതമായെങ്കിലും ജനാധിപത്യത്തിന്റെ ശബ്ദമായി നിൽക്കാൻ ശ്രമിച്ച മാധ്യമങ്ങളെ കോർപറേറ്റുകൾ ഒന്നൊന്നായി വിഴുങ്ങിക്കഴിഞ്ഞു. ഇതിനെതിരെയുള്ള ഏത് ശ്രമവും ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞപ്പൻ, ആർ.വി. പിള്ള, പൊന്നമ്മദാസ്, കൽപന പ്രദീപ്, ഇ.ആർ. പ്രഹ്ലാദൻ, ശാന്തകുമാർ, ഡി.വി. ദേവദാസ്, പ്രദീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.