ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ രണ്ടാം പ്രതി നടൻ ദർശൻ തൂഗുദീപയുടെ ഇടക്കാല ജാമ്യഹരജിയിൽ കർണാടക ഹൈകോടതി ബുധനാഴ്ച വിധി പറയും. ഹരജിയിൽ വിശദമായ വാദം കേൾക്കൽ ചൊവ്വാഴ്ച അവസാനിച്ചതോടെ കേസ് പരിഗണിച്ച ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്ന കുമാറും ഹരജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷും ഹാജരായി.
നിലവിൽ ബെള്ളാരി സെൻട്രൽ ജയിലിൽ കഴിയുന്ന ദർശന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ദർശന്റെ ഇരുകാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും മൈസൂരുവിലെ ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം, ജാമ്യത്തെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ, ദർശന് ശസ്ത്രക്രിയക്കും ചികിത്സക്കുമായി എത്ര ദിവസം വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. മൈസൂരുവിൽ ചികിത്സ നടത്തണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്റെ വാദം തള്ളിയ കോടതി, എന്തിനാണ് മൈസൂരുവിൽതന്നെ ചികിത്സ നൽകുന്നതെന്ന് ചോദിച്ചു. ബംഗളൂരുവിലെ ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് ശസ്ത്രക്രിയ ആവശ്യമാണോ, എത്ര ദിവസം വേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ അറിയിക്കാവുന്നതേയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ഇടക്കാല ജാമ്യമെന്നത് സമയബന്ധിതമാണെന്നും എത്രകാലം ദർശന് ആശുപത്രി ചികിത്സ വേണ്ടിവരുമെന്നത് കോടതിക്കറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി പറഞ്ഞു. ജൂൺ 11ന് ദർശൻ അറസ്റ്റിലായതിനുശേഷം സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 21ന് ദർശൻ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജി തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചെന്ന കാരണത്താൽ, ദർശന്റെ ആരാധകൻകൂടിയായ ചിത്രദുർഗ സ്വദേശി രേണുക സ്വാമിയെ ബംഗളൂരുവിലെത്തിച്ച് ദർശനും കൂട്ടാളികളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജൂൺ ഒമ്പതിന് സുമനഹള്ളിയിലെ അഴുക്കുതോടിൽനിന്ന് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെതുടർന്ന് നടത്തിയ അന്വേഷണമാണ് ദർശൻ, പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കേസിൽ പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. പ്രതികൾ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയവെ, ജയിൽ അധികൃതരിൽനിന്ന് അതിരുവിട്ട സഹായം ലഭിച്ചത് വിവാദമായിരുന്നു.
തുടർന്ന്, ദർശനെ ബെള്ളാരി ജയിലിലേക്കും മറ്റു പ്രതികളെ തുമകൂരു, മൈസൂരു ജയിലുകളിലേക്കും മാറ്റി. പവിത്ര ഗൗഡ പരപ്പന ജയിലിൽതന്നെ തുടരുകയാണ്. കേസിൽ സെഷൻസ് കോടതി ജാമ്യ ഹരജി തള്ളിയതിനെതുടർന്ന് പവിത്ര ഗൗഡ കഴിഞ്ഞ വെള്ളിയാഴ്ച ഹൈകോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിക്ക് മുമ്പാകെയാണ് ഈ ഹരജിയുള്ളത്. ഹരജി പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.