കലാപശ്രമം: ഹിന്ദു ജാഗരണ വേദിക്കാരനെ ബിദർ ജില്ലയിലേക്ക് നാടുകടത്താൻ നോട്ടീസ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഒരു തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകനെ കൂടി നാടുകടത്താൻ നടപടി. ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ പുത്തൂർ താലൂക്കിൽ മുണ്ടൂരു ഗ്രാമത്തിലെ നെട്ടണിഗെ സ്വദേശി പ്രവിഷ് കുമാറിനെ ബിദർ ജില്ലയിലേക്കാണ് കടത്തുന്നത്. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച പുത്തൂർ അസി. പൊലീസ് കമീഷണർ ഗിരീഷ് നന്ദൻ മുമ്പാകെ ഹാജരാവാൻ നോട്ടീസ് നൽകി.

1963ലെ കർണാടക പൊലീസ് നിയമത്തിലെ സെക്ഷൻ 55 പ്രകാരം (സാമുദായിക കലാപ ശ്രമം) പ്രവിഷ് കുമാറിനെതിരെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. സമാന പ്രവർത്തനങ്ങളിൽ തുടർന്നും ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പുത്തൂർ റൂറൽ പൊലീസ് ഇൻസ്പെക്ടർ അസി. കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

അഞ്ച് ബജ്റംഗ്ദൾ നേതാക്കൾക്ക് നാടുകടത്തൽ മുന്നോടിയായി കഴിഞ്ഞ മാസം പൊലീസ് നോട്ടീസ് നൽകിയിരുന്നു. ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല സഹ കൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക്ക് ഭാരവാഹികളായ കെ. ദിനേശ്, പി.പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി. നിഷാന്ത്, കെ. പ്രദീപ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.

സദാചാര ഗുണ്ടായിസം, സാമുദായിക വിദ്വേഷം സൃഷ്ടിക്കൽ, കാലിക്കടത്ത് തടയലിന്റെ പേരിൽ അക്രമം എന്നിങ്ങനെ പുത്തൂർ, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതികളാണിവർ. ബല്ലാരി, ഭഗൽകോട്ട് എന്നിവയാണ് നാടുകടത്താൻ നിർണയിച്ച ജില്ലകൾ.

Tags:    
News Summary - Riot attempt, Hindu Jagarana Vedike served deportation notice to Bidar district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.