മംഗളൂരു: മുസ്‌ലിംകൾക്ക് എതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത പരിവാർ നേതാവ് അരുൺ കുമാർ പുത്തിലക്ക് എതിരെ ശിവമോഗ റൂറൽ പൊലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗയിൽ നബിദിന റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവക്കളെ സന്ദർശിച്ച ശേഷമാണ് പുത്തില പ്രകോപന പ്രസ്താവന നടത്തിയത്.
"വാളേന്തിയാണ് അവർ റാലി നടത്തിയത്. ഏത് തരം അനുമതിയാണ് അവർക്ക് നൽകിയതെന്ന് ഏതൊരാൾക്കും അറിയാം. ഹിന്ദുക്കളെ അക്രമിക്കുന്നവർക്കാണ് സർക്കാർ പിന്തുണ. അന്ന് ഹിന്ദുക്കൾ ആയുധം പൂജിക്കുകയായിരുന്നു. അത് നിറുത്തി അവർക്ക് എതിരെ ഉപയോഗിക്കണം.."എന്നാണ് പുത്തില പറഞ്ഞത്.
ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ സ്വദേശിയായ പുത്തില കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് നൽകാത്തതിനെത്തുടർന്ന് റിബലായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.ബി.ജെ.പി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായ ആ പാർട്ടിയുടെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസാണ് വിജയിച്ചിരുന്നത്. സമാനമനസ്കരുമായി സഹകരിച്ച് രൂപവത്കരിച്ച പുത്തില പരിവാർ സംഘടനയുടെ പ്രസിഡണ്ടാണ് അരുൺകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.