രേണുകാചാര്യ
ബംഗളൂരു: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയേന്ദ്രയുടെ ഏറ്റവും അടുത്ത അനുയായികളായ എം.പി. രേണുകാചാര്യ, കട്ട സുബ്രഹ്മണ്യ നായിഡു എന്നിവരുൾപ്പെടെ വിവിധ നേതാക്കൾക്ക് പാർട്ടി അച്ചടക്കം ലംഘിച്ചതിന് ബി.ജെ.പി ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. വിജയേന്ദ്ര വിരുദ്ധ നേതാവ് ബസനഗൗഡ പാട്ടീൽ യത്നാലിനും സമാനമായ നോട്ടീസ് നേരത്തെ നൽകിയിരുന്നു.
മറ്റൊരു വിമത നേതാവും നിയമസഭാംഗവുമായ ബി.പി. ഹരീഷിനും മറ്റ് രണ്ട് നിയമസഭാംഗങ്ങളായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവർക്കും നോട്ടീസ് ലഭിച്ചു. സോമശേഖറും കോൺഗ്രസുമായി അടുപ്പം പുലർത്തുകയും ബി.ജെ.പി നേതാക്കളെ വിമർശിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചുള്ള അനാവശ്യമായ പരാമർശങ്ങൾ അച്ചടക്ക നിയമലംഘനമാണെന്ന് അംഗങ്ങളുടെ നോട്ടീസിൽ വ്യക്തമാക്കിയതായി ബി.ജെ.പി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് അറിയിച്ചു.
72 മണിക്കൂറിനുള്ളിൽ അംഗങ്ങളിൽ നിന്ന് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്ക നിയമങ്ങൾ പാലിക്കണമെന്ന ബി.ജെ.പി ഹൈകമാൻഡിന്റെ ഓർമപ്പെടുത്തലായാണ് നോട്ടീസുകൾ കണക്കാക്കുന്നത്. കർണാടകയിൽ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.