ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഴിമതി സംബന്ധിച്ച തുറന്ന ചർച്ചക്ക് ക്ഷണിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ബി.ജെ.പി നേതാക്കളിൽ അഴിമതി മുക്തനായ ഒരാളുടെയെങ്കിലും പേര് ചൂണ്ടിക്കാണിക്കാമോയെന്ന് മോദിയോട് സിദ്ധരാമയ്യ ചോദിച്ചു.
മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയിൽ സിദ്ധരാമയ്യക്ക് പങ്കുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും മോദി ഹരിയാന സോനിപതിലെ റാലിയിൽ ആരോപണമുയർത്തിയതിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ വെല്ലുവിളി. ബി.ജെ.പി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അഴിമതിയെ കുറിച്ച് ഒരക്ഷരം മിണ്ടാൻ മോദിക്ക് അർഹതയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ നിരവധി ബി.ജെ.പി നേതാക്കൾ അഴിമതി ആരോപണം നേരിടുന്നുണ്ട്. എന്നിട്ടും അവർക്കെതിരെ ബി.ജെ.പി ഒരു നടപടിയും സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിന് 2500 കോടി ആവശ്യപ്പെട്ടെന്ന് സ്വന്തം നേതാക്കളെക്കുറിച്ച് പരാതിപ്പെട്ടത് ആരാണ്? നിങ്ങൾക്ക് അഴിമതിയെക്കുറിച്ച് പറയാൻ ധാർമികാവകാശമില്ല -സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
ബി.ജെ.പിയുടെത് ‘വാഷിങ് മെഷീൻ രാഷ്ട്രീയം’ ആണ്. അഴിമതി ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നാൽ പിന്നീട് അവരുടെ കഴിഞ്ഞ കാലമെല്ലാം വെളുപ്പിക്കുകയാണ്.
അഴിമതി ആരോപണം നേരിട്ട പ്രതിപക്ഷ പാർട്ടികളിലെ 25 നേതാക്കളാണ് 2014 മുതൽ ബി.ജെ.പിയിൽ ചേർന്നത്. ഇതിൽ ഹിമന്ത ബിശ്വശർമ, സുവേന്ദു അധികാരി എന്നിവരടക്കം 23 നേതാക്കൾക്കും കേന്ദ്ര ഏജൻസികൾ ക്ലീൻ ചിറ്റ് നൽകി.
മിസ്റ്റർ മോദീ, താങ്കൾ ഇപ്പോൾ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, കർണാടകയിലെ ജനങ്ങൾക്കറിയാം ആരാണ് യഥാർഥ അഴിമതിക്കാരെന്ന്. താങ്കൾ തയാറാണെങ്കിൽ അഴിമതി സംബന്ധിച്ച് നമുക്ക് തുറന്ന സംവാദം നടത്താം. ഞാൻ എപ്പോഴേ തയാറാണ് - സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.