ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്രയിലുണ്ടായതുപോലെ കർണാടക സർക്കാർ തകരുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രസ്താവനക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘ഇത് ഒരു ദിവാസ്വപ്നം മാത്രമാണ്. തന്റെ എം.എൽ.എമാരെ വിലക്കുവാങ്ങി മുമ്പ് കർണാടകയിലും മഹാരാഷ്ട്രയിലും ചെയ്തതുപോലെ ചെയ്യാൻ അവർക്കാകില്ല’ എന്നും എം.എൽ.എമാരെ വിലക്കുവാങ്ങി സംസ്ഥാന സർക്കാറുകളെ തകർക്കുന്ന ബി.ജെ.പിയുടെ ഓപറേഷൻ ലോട്ടസ് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ സത്താരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ താഴെയിറക്കാൻ മഹാരാഷ്ട്ര മോഡലിറക്കുമെന്ന് ഷിൻഡെ പറഞ്ഞത്. 2022ൽ ശിവസേനയിൽനിന്നും സഖ്യമായ മഹാവികാസ് അഘാഡിയിൽനിന്നും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ എം.എൽ.എമാർ രാജിവെച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാറിനെ താഴെയിറക്കി ബി.ജെ.പിയുടെ പിന്തുണയിൽ അധികാരത്തിലേറിയിരുന്നു. ഇതാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മോഡൽ കൊണ്ട് സൂചിപ്പിച്ചത്.
മഹാവികാസ് അഘാഡി സർക്കാറിനെ താഴെയിറക്കിയ തന്റെ അനുഭവത്തിൽനിന്ന് കർണാടകയിൽ ഒരു ഓപറേഷൻ നാഥ് ചർച്ചയിൽ താൻ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘എൻ.ഡി.എ മുന്നണി ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണ്. അവർക്ക് കർണാടക സർക്കാറിനെ താഴെയിറക്കാനാവില്ല. കഴിഞ്ഞ ഒരുവർഷമായി അവർ ശ്രമിച്ച് പരാജയപ്പെട്ടതാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നിട്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നരേന്ദ്ര മോദിക്കുപോലും ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് അദ്ദേഹം വായിൽ വരുന്നതെല്ലാം വിളിച്ചു പറയുന്നത്’ -സിദ്ധരാമയ്യ പറഞ്ഞു. കർണാടക ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിയും മുമ്പ് സമാന പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.