ബംഗളൂരു: കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിയമസഭാകക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നിൽ മുൻമുഖ്യമന്ത്രി സിദ്ദരാമയ്യക്കും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനും വേണ്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ബംഗളൂരു ഷാങ്രി ല ഹോട്ടലിൽ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രവർത്തകർ ഇരുനേതാക്കളുടെയും ചിത്രങ്ങളും കൊടികളുമേന്തി എത്തിയിരുന്നു .
ശിവകുമാറിശന്റെ ചിത്രം ആലേഖനം ചെയ്ത പതാകയാണ് ചിലർ ഉയർത്തിയത്. സിദ്ദരാമയ്യയുടെ ചിത്രമടങ്ങിയ പോസ്റ്റുകൾ മറുഭാഗവും ഉയർത്തി മുദ്രാവാക്യം വിളിച്ചു. ‘ഡി.കെ. മുഖ്യമന്ത്രി സിന്ദാബാദ്’, ‘സിദ്ദ മുഖ്യമന്ത്രി സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ മുഴക്കിയ ഇവർ യോഗം കഴിയുന്നതുവരെ പുറത്തുകാത്തുനിന്നു. ‘ശിവകുമാറിനെ മുഖ്യമന്ത്രിയായി ഞങ്ങൾക്ക് വേണം’ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രവർത്തകർ ആഹ്ലാദനൃത്തം ചവിട്ടി.
അതിനിടെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രമുഖ വൊക്കലിഗ ആചാര്യൻമാരായ നിർമലാനന്ദാനന്ദ സ്വാമിയും നഞ്ചാവദൂത സ്വാമിയും ആവശ്യപ്പെട്ടു. കോൺഗ്രസിനെ വിജയിപ്പിക്കുന്നതിൽ ശിവകുമാറിന്റെ അധ്വാനം ഏറെ വലുതാണെന്നും അദ്ദേഹം സമുദായത്തിന്റെ മകനാണെന്നും ഇവർ പറഞ്ഞു. കുറുബ സമുദായംഗമായ സിദ്ദരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് കുറുബര സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ രാഷ്ട്രീയ സ്വാധീനമുള്ള വൊക്കലിഗ സമുദായം സംസ്ഥാനത്ത് 14 ശതമാനം വരും. ഏറ്റവും വലിയ ഒ.ബി.സി വിഭാഗമായ കുറുബ പത്ത് ശതമാനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.