ബംഗളൂരു: രോഗികളോട് അനുകമ്പ കാണിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്ന് ലോകാരോഗ്യ സംഘടനയുടെ പാലിയേറ്റിവ് കെയര്‍ പ്രതിനിധിയും കാന്‍സര്‍ റിലീഫ് ഇന്ത്യ സ്ഥാപക ഡയറക്ടറുമായ ജില്ലി ബേണ്‍ പറഞ്ഞു. എ.ഐ.കെ.എം.സി.സി ബംഗളൂരു- ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് ജില്ലി ബേണ്‍’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സന്നദ്ധപ്രവര്‍ത്തകരുടെ ആത്മാർഥതയും സമര്‍പ്പണവുമാണ് രോഗികള്‍ക്ക് ആശ്വാസം പകരുന്നത്. അർബുദരോഗിയോട് രോഗത്തെ കുറിച്ച് വെളിപ്പെടുത്തരുതെന്ന് പറയുന്ന കൂട്ടിരിപ്പുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
രോഗത്തിന്റെ പേരില്‍ ഭയക്കുകയും കരയുകയുമല്ല, പരിചരിക്കുകയും ആശ്വസിപ്പിക്കുകയുമാണ് വേണ്ടത്. ലോകാരോഗ്യ സംഘടനക്ക് വേണ്ടി ഇന്ത്യയില്‍ പാലിയേറ്റിവ് കെയറിന്റെ അനിവാര്യതയും സാധ്യതകളും പഠിക്കാന്‍ 1989 ല്‍ താന്‍ വന്നപ്പോള്‍ കരച്ചിലുകളും നിരാശാമുഖങ്ങളുമാണ് വരവേറ്റത്.
ഈ സാഹചര്യത്തിലായിരുന്നു കാന്‍സര്‍ റിലീഫ് ഇന്ത്യ എന്ന സംഘടനക്ക് രൂപം നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാന്ത്വന പരിചരണം ഇത്രത്തോളം വ്യാപകമാവുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. നാലു കോടിയിലധികം ജനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഇന്ത്യയില്‍ പാലിയേറ്റിവ് കെയര്‍ പരിചരണം ആവശ്യമായി വരുന്നു. ഇതില്‍ ചെറിയ ശതമാനത്തിനു മാത്രമെ ഈ സേവനം ലഭ്യമാകുന്നുള്ളൂ.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി, പൂക്കോയ തങ്ങള്‍ ഹോസ്പിസ്, ഖാഇദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി തുടങ്ങി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ മാതൃകാപരമായ രീതിയില്‍ തന്നെ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനങ്ങള്‍ വളരുകയാണ്. സന്നദ്ധ പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പാലിയേറ്റിവ് ശ്രമങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ലെന്നും ജില്ലി ബേണ്‍ വ്യക്തമാക്കി.
എലിസബത്ത് രാജ്ഞിയുടെ അവസാന നിമിഷങ്ങളില്‍ പരിചരിക്കാന്‍ തന്നെയും നിയോഗിച്ചിരുന്നു. പാലിയേറ്റിവ് കെയറിന്റെ രീതികളെയാണ് അവര്‍ ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ സര്‍വാഭരണ വിഭൂഷിതയായി, രാജ്ഞി ആഗ്രഹിച്ച തരത്തിലുള്ള അന്ത്യയാത്രക്ക് സാക്ഷിയാവാന്‍ കഴിഞ്ഞെന്നും ജില്ലി ബേണ്‍ കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് സൈക്യാട്രിക് സൊസൈറ്റി മുന്‍ പ്രസിഡന്റ് ഡോ. ടി. മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല മുന്‍ രജിസ്ട്രാര്‍ കെ.ബി. ലിംഗ ഗൗഡ വിശിഷ്ടാതിഥിയായിരുന്നു.
ഓള് ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ് ഉപഹാരം നൽകി. ഡോ. വികാസ് (നിംഹാന്‍സ്), ഡോ. ഹൈദരലി, ഡോ. ബിജി, മുജീബ് കുട്ടമശ്ശേരി, ജോസ് പുളിമൂട്ടില്‍, പ്രസീദ് കുമാര്‍, രാധാകൃഷ്ണ മേനോന് എന്നിവര്‍ സംബന്ധിച്ചു. ഡോ. എം.എ. അമീറലി സ്വാഗതവും നാസര്‍ നീലസാന്ദ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.