ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ കോളജ് വിദ്യാർഥിനി സൗജന്യ കൊല്ലപ്പെട്ട കേസിൽ നീതി തേടിയുള്ള നിരന്തരമായ ആവശ്യവുമായി ബന്ധപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ സമാധാനപരമായ പ്രതിഷേധത്തിന് കർണാടക ഹൈകോടതി അനുമതി നൽകി. 2012 ഒക്ടോബർ ഒമ്പതിന് ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ ധർമസ്ഥല മഞ്ജുനാഥേശ്വര കോളജിലെ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥിനി സൗജന്യക്ക് (17) നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കർണാടക കാർമിക വേദികെയും നേറ്റീവ് എംപവറിങ് ആൻഡ് എക്വിപ്പിങ് ടീം ഫോർ ഹോപ് ആൻഡ് ഇന്ററാക്ഷനും സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിഷേധം അനുവദിക്കുമ്പോൾ സമാധാനവും പൊതു ക്രമസമാധാനവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം കോടതി അടിവരയിട്ടു. പ്രകടനത്തിനിടെ എന്തെങ്കിലും നിയമലംഘനം നടന്നാൽ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ അധികാരികൾക്ക് അവകാശമുണ്ടെന്ന് കോടതി പ്രസ്താവിച്ചു.
വാദം കേൾക്കുന്നതിനിടെ ഹരജിക്കാരെ പ്രതിനിധാനം ചെയ്ത് ഹാജരായ അഭിഭാഷകൻ എ. വേലൻ ബെൽത്തങ്ങാടി താലൂക്കിലെ തഹസിൽദാർക്ക് പ്രതിഷേധം നടത്തുന്നതിനുള്ള പ്രാരംഭ അപേക്ഷ സമർപ്പിച്ചതായി കോടതിയെ അറിയിച്ചു. ആദ്യം അപേക്ഷ അംഗീകരിച്ചെങ്കിലും ഒരു അഭിഭാഷകന്റെ എതിർപ്പിനെത്തുടർന്ന് പിന്നീട് അത് പിൻവലിച്ചു.
പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ പൂർണമായും നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് സംസ്ഥാന സർക്കാറിന് അടിച്ചമർത്താൻ കഴിയില്ലെന്ന് ഹരജിക്കാർ വാദിച്ചു. പൗരന്മാർ സമാധാനപരമായി പ്രകടനം നടത്തുന്നത് തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് അവർ വാദിച്ചു. പ്രതിഷേധം നിയമപരമായി നടത്തുമെന്ന് വേലൻ കോടതിക്ക് ഉറപ്പ് നൽകി. കർണാടകയിൽ പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ തീരദേശ മേഖലയിൽ സൗജന്യ വധം വ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു.
സന്തോഷ് റാവുവിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും 2023ൽ ബംഗളൂരു സെഷൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നിയമനടപടികളിലുടനീളം സന്തോഷ് റാവുവിനെ തെറ്റായി കേസിൽ കുടുക്കിയതാണെന്നും അന്വേഷണത്തിലെ പിഴവുകൾ ആരോപിച്ചും ധർമസ്ഥലയിൽ നിന്നുള്ള ഒരു മതനേതാവ് യഥാർഥ കുറ്റവാളികളെ സംരക്ഷിച്ചുവെന്നും സൗജന്യയുടെ കുടുംബം വാദിച്ചു. കേസിൽ പുതിയ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയാണ് ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.