ലക്കി ബായ് യശ്പാൽ സുവർണ എം.എൽ.എയോടൊപ്പം ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ.കെ. വിദ്യാകുമാരിക്ക് കേസ്
പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ നൽകുന്നു
മംഗളൂരു: മീൻ മോഷണം ആരോപിച്ച് ദലിത് വനിതയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ ഇരയിൽ സമ്മർദം. അക്രമത്തിനിരയായ വനിത തിങ്കളാഴ്ച ഉഡുപ്പി എം.എൽ.എയും ബി.ജെ.പി നേതാവുമായ യശ്പാൽ സുവർണയോടൊപ്പം മണിപ്പാലിൽ കലക്ടറേറ്റിൽ ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ.കെ.വിദ്യാകുമാരിക്ക് കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചു. വിജയപുര സ്വദേശിയായ ലക്കി ബായ് എന്ന ഇര ഏഴ് വർഷങ്ങൾക്കുശേഷം മാൽപെ വിടാനുള്ള സന്നദ്ധത കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.
നിരക്ഷരയായ തന്റെ വിരലടയാളം ചാർത്തിച്ച് പൊലീസ് അക്രമികൾക്കെതിരെ പരാതി തയാറാക്കുകയായിരുന്നുവെന്ന് ലക്കി ബായ് കലക്ടറേറ്റ് പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘‘സംഭവദിവസം ഞങ്ങൾ പ്രശ്നം സമാധാനപരമായി പരിഹരിച്ചു. അടുത്ത ദിവസം അവർ(ദലിത് സംഘടന നേതാക്കൾ) എന്നെ വിളിച്ചു. പക്ഷേ എന്റെ ആളുകൾ തിരക്കിലായതിനാൽ ഞാൻ പോയില്ല. പിന്നീട്, അവർ ഒരു ഓട്ടോയുമായി വന്ന് എന്നെ കൊണ്ടുപോയി. നിരക്ഷരയായതിനാൽ അവർ എന്നോട് എന്റെ വിരലടയാളം നൽകാൻ ആവശ്യപ്പെട്ടു, ഞാൻ അത് ചെയ്തു. അതിനുശേഷം, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല’’- ലക്കി പറഞ്ഞു. നേഷൻ ഗോർമലാവ് ഫോറം വർക്കിങ് പ്രസിഡന്റ് ജയസിംഹ പറഞ്ഞത് ഇങ്ങനെ: “സംഭവം ആകസ്മികമായിരുന്നു.
വിഷയം രമ്യമായി പരിഹരിച്ചതായി ഇര പോലും സമ്മതിക്കുന്നു. അവർ ഒരു ഒത്തുതീർപ്പിനായി അവളുടെ തള്ളവിരലടയാളം എടുത്തു. പക്ഷേ അവൾക്ക് എഫ്.ഐ.ആറിനെക്കുറിച്ച് അറിയില്ലായിരുന്നു. ഈ വിഷയം മറ്റുള്ളവർക്ക് നേട്ടമുണ്ടാക്കാനുള്ള ഒരു മാർഗമായി മാറരുത്. മറ്റ് അസോസിയേഷനുകൾ ഇത് പ്രോത്സാഹിപ്പിക്കരുത്. ജില്ല ഭരണകൂടം സാഹോദര്യം വളർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കണം. ഡെപ്യൂട്ടി കമീഷണർ ജില്ല പൊലീസ് സൂപ്രണ്ടിനോട് ബി റിപ്പോർട്ട് സമർപ്പിക്കാനോ കേസ് അവസാനിപ്പിക്കാനോ അഭ്യർഥിക്കണം. പ്രമോദ് മദ്വരാജ് ദൈവഭക്തനാണ്. സംഭാവനകളിലൂടെ അദ്ദേഹം ഞങ്ങളെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളുടെ സമൂഹം പരിപാടി സംഘടിപ്പിക്കുമ്പോഴെല്ലാം പ്രമോദ് മദ്വരാജ് എപ്പോഴും പിന്തുണക്കാൻ ഒപ്പമുണ്ടായിരുന്നു. ദയവായി ഇത് രാഷ്ട്രീയവത്കരിക്കരുത്. തുറമുഖം ഒരു പഞ്ചായത്ത് പോലെയാണ് പ്രവർത്തിക്കുന്നത്’’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.