ബംഗളൂരു: സംസ്ഥാനത്ത് വേനൽ കനക്കുന്നതോടെ 17 ജില്ലകൾ കുടിവെള്ളക്ഷാമ ഭീഷണിയിൽ. ഏപ്രിലോടെയാകും ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാവുക. സര്‍ക്കാര്‍ സ്ഥാപനമായ ബംഗളൂരുവിലെ എന്വയേണ്മെന്റല് മാനേജ്മെന്റ് ആന്‍ഡ് പോളിസി റിസര്‍ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്ഥിരമായി പ്രതിസന്ധി അനുഭവപ്പെടുന്ന വടക്കന്‍ കര്‍ണാടകയിലെ വിവിധ ജില്ലകളെ അപേക്ഷിച്ച് ഇക്കുറി ബംഗളൂരു റൂറലിനാണ് വലിയതോതില്‍ കുടിവെള്ളക്ഷാമമുണ്ടാകുക. ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞതും കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമമല്ലാത്തതുമാണ് കാരണം.
റായ്ച്ചൂര്‍, ചിക്കബെല്ലാപുര, കലബുറഗി, ഗദക്, കൊപ്പൽ, വിജയപുര, ബിദര്‍, ബെളഗാവി, ബംഗളൂരു അര്‍ബന്‍, കോലാര്‍, ബഗല്‍കോട്ട് , ദാവൻഗരെ, യാദ്ഗിര്‍, ചിത്രദുര്‍ഗ, തുമകുരു, ഉത്തര കന്നഡ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ജില്ലകള്‍. ഇവയില്‍ ഭൂരിഭാഗം ജില്ലകളിലും സ്ഥിരമായി വരള്‍ച്ചയുണ്ടാകാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത്തവണ ജലക്ഷാമം അതിരൂക്ഷമാകാനാണ് സാധ്യതയെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം മികച്ച മഴ ലഭിച്ചതോടെ ഇത്തവണ വരള്‍ച്ചക്ക് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വേനല്‍ച്ചൂട് വര്‍ധിച്ചത് ഈ കണക്കുകൂട്ടൽ തെറ്റിച്ചു.
ചൂട് കൂടുന്ന സാഹചര്യത്തില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ കരുതല്‍ വേണമെന്ന് ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സുവറിജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) മുന്നറിയിപ്പ് നൽകി. നഗരത്തില്‍ വിതരണം ചെയ്യുന്ന കാവേരി വെള്ളം കുടിക്കാനും പാചകത്തിനും മാത്രം ഉപയോഗിക്കണം. മറ്റുകാര്യങ്ങള്‍ക്ക് കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമോ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള വെള്ളമോ ഉപയോഗിക്കണം. നിലവില്‍ 1,450 മില്യണ്‍ ലിറ്റര്‍ കാവേരി വെള്ളമാണ് നഗരത്തില്‍ പ്രതിദിനം വിതരണം ചെയ്യുന്നത്. വേനല്‍ കനത്താൽ ഇതേ അളവില്‍ വെള്ളം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം വരും.
ബിദര്‍, ഗദക്, യാദ്ഗിര്‍ ജില്ലകളിലെ ചില ഗ്രാമങ്ങളില്‍ ഇതിനകം കുടിവെള്ളം ടാങ്കറുകളിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. ജനുവരി പകുതിയോടെ ഈ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതത് പഞ്ചായത്തുകള്‍ക്കാണ് വെള്ളമെത്തിക്കുന്നതിനുള്ള ചുമതല. കുടിവെള്ളവിതരണത്തിന് ഈ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം തുക സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കർമപദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.