ബംഗളൂരു: ‘ഹവായ് ചപ്പൽ’ ധരിക്കുന്നവരും ‘ഹവായ് ജഹാസി’ൽ (വിമാനം) യാത്ര ചെയ്യുന്നത് യാഥാർഥ്യമാവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംകാലത്ത് രാജ്യത്ത് കൂടുതൽ യാത്രാവിമാനങ്ങൾ ആവശ്യമാണ്. ഇന്ത്യൻ നിർമിത യാത്രാവിമാനങ്ങൾ എന്ന നേട്ടം വിദൂരത്തല്ല -അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ തട്ടകമായ ശിവമൊഗ്ഗയിൽ അദ്ദേഹത്തിന്റെ 80ാം പിറന്നാൾ ദിനത്തിലായിരുന്നു വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. യെദിയൂരപ്പയെ പ്രശംസിച്ച മോദി, അദ്ദേഹത്തിന്റെ ജന്മദിന ഓർമക്കായി മൊബൈൽ ഫോണിലെ വെളിച്ചം തെളിക്കാൻ സദസ്യരോട് പറഞ്ഞു.
ശിവമൊഗ്ഗ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടാൻ കർണാടക സർക്കാർ തീരുമാനിച്ചെങ്കിലും പകരം മഹാകവി കുവെമ്പുവിന്റെ പേരിടാൻ യെദിയൂരപ്പ നിർദേശിക്കുകയായിരുന്നു. ഇക്കാര്യം കർണാടക സർക്കാർ ശിപാർശ ചെയ്തിട്ടുണ്ട്. മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ തുടർച്ചയായി അഞ്ചാം തവണയാണ് പ്രധാനമന്ത്രിയെത്തുന്നത്.
കേന്ദ്രമന്ത്രി പ്രൾഹാദ്ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ശിവമൊഗ്ഗ വിമാനത്താവളം 450 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ റൺവേയുള്ള ശിവമൊഗ്ഗ കർണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ്. കർണാടകയുടെ മലനാട് മേഖലയുടെ വികസനത്തിന് പുതിയ വിമാനത്താവളം സഹായകരമാവുമെന്നാണ് കണക്കുകൂട്ടൽ.
ശിവമൊഗ്ഗ സ്മാർട്ട് സിറ്റിയുടെയും റെയിൽവേ കോച്ച് ഡിപ്പോയുടെയും ശിലാസ്ഥാപനവുമടക്കം 3600 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. പിന്നീട് ബെളഗാവിയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തി. 190 കോടി ചെലവിൽ നവീകരിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം, 930 കോടി ചെലവിൽ നടപ്പാക്കുന്ന ബെളഗാവി-ലോണ്ട റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിക്കും തുടക്കമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.