ബംഗളൂരു: 2019 സെപ്റ്റംബർ ഏഴ് പുലർച്ച 1.50. ബഹിരാകാശ ചരിത്രത്തിൽ ഇന്ത്യ പുതുചരിത്രം കുറിക്കുന്ന നിമിഷങ്ങളിലേക്ക് കണ്ണും കാതും പായിച്ച് രാജ്യം കാത്തിരിക്കുന്ന നിമിഷങ്ങൾ. എന്നാൽ, ഭ്രമണപഥത്തിൽനിന്ന് ചന്ദ്രനിലേക്ക് സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള വിക്രം ലാൻഡറിന്റെ ശ്രമം പാളുന്നു.
ഇടിച്ചിറങ്ങിയ ലാൻഡറിൽനിന്നുള്ള സിഗ്നലുകൾ ബംഗളൂരുവിലെ കേന്ദ്രത്തിന് നഷ്ടമാവുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന ദൗത്യം അന്തിമഘട്ടത്തിൽ പരാജയപ്പെടുന്നു. സിഗ്നൽ നഷ്ടമായെന്ന സ്ഥിരീകരണം നടത്തിയ ഇസ്രോ ചെയർമാൻ കെ. ശിവനെ തോളിൽചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്നു. കെ. ശിവൻ കണ്ണുനിറഞ്ഞ് നിൽക്കുന്ന ആ രംഗമാണ് ചന്ദ്രയാൻ- രണ്ട് ദൗത്യത്തിലെ മായാചിത്രം.
വീഴ്ചയിൽനിന്ന് പാഠം പഠിച്ചാണ് ഇസ്രോ മൂന്നാം ദൗത്യമൊരുക്കിയത്. ചന്ദ്രോപരിതലത്തിലിറങ്ങുന്നതിന് മുമ്പുള്ള ഫൈൻ ബ്രേക്കിങ് ഘട്ടം കഴിഞ്ഞാണ് വിക്രത്തിലെ ത്രസ്റ്ററുകളിലൊന്ന് തകരാറിലായത്. ത്രസ്റ്ററുകളുടെ എണ്ണം അഞ്ചിൽനിന്ന് നാലാക്കി ഇത്തവണ ചുരുക്കി. ഇവക്ക് പിന്തുണയായി എട്ട് ചെറിയ ത്രസ്റ്ററുകളുമുണ്ട്.
ത്രസ്റ്ററുകൾ വിപരീത ദിശയിൽ ജ്വലിപ്പിച്ചാണ് ലാൻഡറിന്റെ ഇറക്കത്തിലെ വേഗം നിയന്ത്രിക്കുക. ലാൻഡിങ് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകൾ കൂടുതൽ കാര്യക്ഷമമാക്കിയതാണ് മറ്റൊരു മാറ്റം. മൂന്ന് കാമറകളടക്കം ഒമ്പത് സെൻസറുകൾ ലാൻഡറിലുണ്ട്. ഇത് ഉപരിതലത്തിലെ സാഹചര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കും. രണ്ടാം ദൗത്യത്തിൽ ലാൻഡിങ്ങിനായി 500 മീറ്റർ നീളത്തിലും വീതിയിലുമായാണ് ഇടം കണ്ടിരുന്നത്.
ചന്ദ്രയാൻ - മൂന്നിലെ ലാൻഡറിന് ഇറങ്ങാൻ നാല് കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതിയുമുള്ള ഇടമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗർത്തങ്ങളും പാറകളും ഒഴിവാക്കി ഇതിൽ യോജ്യമായിടത്ത് ഇറങ്ങാൻ സെൻസറുകൾ സഹായിക്കും. ലാൻഡിങ് ലെഗ്ഗുകൾക്ക് ശക്തി വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഊർജ ഉൽപാദനത്തിന് ലാൻഡറിലെയും റോവറിലെയും സൗരോർജ പാനലുകളുടെ എണ്ണവും കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.