ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വിധാൻസൗധ ഇടനാഴിയിൽ കോൺഗ്രസ് എം.പി സയ്യിദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ അനുയായികൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ബി.ജെ.പി ആരോപണം തള്ളി ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ.
വിവാദത്തിന് പിന്നാലെ ബി.ജെ.പി ആരോപണത്തിനെതിരെ എക്സിൽ പോസ്റ്റിട്ട മുഹമ്മദ് സുബൈർ, കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റിനു ശേഷവും തന്റെ വാദത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി.
‘പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തിയിരിക്കുന്നു. എന്റെ ട്വീറ്റിന്റെ പേരിൽ പലരും എന്റെ അറസ്റ്റ് ആവശ്യപ്പെടുന്നു. എന്നാൽ, ഞാൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയിട്ടില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ‘നസീർ സാബ് സിന്ദാബാദ്’ എന്നാണ് അവിടെ മുദ്രാവാക്യം ഉയർന്നത്’- മുഹമ്മദ് സുബൈർ എക്സിൽ കുറിച്ചു.
കഴിഞ്ഞ ജനുവരിയിൽ നടന്ന ‘ഹനുമാൻ പതാക’ വിവാദം, ഫെബ്രുവരിയിൽ നടന്ന ‘ക്ഷേത്ര ഫണ്ട്’ വിവാദം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ സുബൈർ, കർണാടകയിൽ ബി.ജെ.പി ഉയർത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ പ്രാദേശിക, ദേശീയ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും കോൺഗ്രസ് സർക്കാറിന് ഇതിനെ മറികടക്കാൻ കഴിയാതാവുകയും ചെയ്യുന്നതായി പറഞ്ഞു.
വിധാൻ സൗധയിലെ പാകിസ്താൻ സിന്ദാബാദ് വിവാദവും ഇതിന്റെ തുടർച്ചയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.