ബംഗളൂരു: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിൽ 50 ശതമാനം ഇളവുനൽകിയ പദ്ധതിക്ക് വൻ സ്വീകാര്യത. ഇളവ് ഉപയോഗപ്പെടുത്തി ഒറ്റത്തവണ പിഴ അടക്കുന്നവർ ഏറെയാണ്. പദ്ധതി പ്രഖ്യാപിച്ച് രണ്ടുദിവസത്തിനുള്ളിൽ 13.8 കോടി രൂപയാണ് പിഴതുകയായി ബംഗളൂരു ട്രാഫിക് പൊലീസിന് ലഭിച്ചത്. ശനിയാഴ്ച 6.81 കോടി രൂപയാണ് ലഭിച്ചത്. 2.52 ലക്ഷം കേസുകളാണ് തീർപ്പാക്കിയത്. ഞായറാഴ്ച 13.81 കോടി രൂപയാണ് ലഭിച്ചത്. കൂടുതൽ ആളുകൾ സമയപരിധിക്കുള്ളിൽതന്നെ ഇളവു പ്രയോജനപ്പെടുത്തി പിഴ തുക അടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിലൂടെ ഗതാഗതനിയമങ്ങൾ കൂടുതലായി അനുസരിക്കാൻ ജനത്തിന് കഴിയുമെന്നും സ്പെഷൽ കമീഷണർ ട്രാഫിക് ഡോ. സലീം പറഞ്ഞു. ഗതാഗതനിയമലംഘനത്തിനുള്ള 530 കോടി രൂപയുടെ പിഴയാണ് സംസ്ഥാനത്താകെ പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ 500 കോടിയും ബംഗളൂരു നഗരത്തിൽനിന്നാണ്.
നിയമലംഘനത്തിന് കിട്ടിയ പിഴ ഫെബ്രുവരി 11നുള്ളിൽ തീർപ്പാക്കിയാൽ പകുതി തുക മാത്രം അടച്ചാൽ മതിയെന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഫെബ്രുവരി 11 വരെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾ ഇത്തരത്തിൽ അമ്പത് ശതമാനം പിഴയിൽ ഇളവുനേടി ഒറ്റത്തവണയായി തീർപ്പാക്കാം. ഇതിനായി നഗരത്തിലെ 48 ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കാം. ഇൻഫൻട്രി റോഡിലെ ട്രാഫിക് മാനേജ്മെന്റ് സെന്ററിനെയും സമീപിക്കാം. അല്ലെങ്കിൽ https://bangaloretrafficpolice.gov.in എന്ന സൈറ്റ് സന്ദർശിച്ചും നടപടികൾ പൂർത്തിയാക്കാം. നഗരത്തിന് പുറത്തുള്ളവർക്ക് www.karnatakaone.gov.in സൈറ്റ് വഴിയോ അതത് പൊലീസ് സ്റ്റേഷനുകൾ വഴിയോ പിഴ അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.