ബംഗളൂരു: മധ്യവേനലവധിയെത്തുംമുമ്പേ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീറ്റുകൾ ഫുൾ. മാർച്ച് അവസാനത്തോടെ ബംഗളൂരുവിലെ സ്കൂളുകൾ അടക്കുന്നതിനാൽ നിരവധി പേരാണ് കുടുംബത്തോടെ നാട്ടിലേക്ക് യാത്രതിരിക്കാൻ തയാറെടുക്കുന്നത്. ഈസ്റ്റർ അവധികൂടിയായതിനാൽ ജോലിയാവശ്യത്തിന് നഗരത്തിൽ കഴിയുന്നവരും നാട്ടിൽ പോകും. മാർച്ച് 27 മുതൽ 30 വരെയാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിലൊന്നിലും സീറ്റില്ല.
യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന കൊച്ചുവേളി എക്സ്പ്രസ് (16315), കന്യാകുമാരി എക്സ്പ്രസ് (16526) എന്നിവയിലെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. എറണാകുളം എക്സ്പ്രസിൽ (12677) സീറ്റുകളുണ്ടെങ്കിലും രാവിലെ പുറപ്പെടുന്നതായതിനാൽ പലരും ആശ്രയിക്കാറില്ല.
കണ്ണൂരിലേക്കുള്ള രണ്ടു ട്രെയിനുകളിലും ഏതാനും സീറ്റുകൾ ബാക്കിയുണ്ടെങ്കിലും അവധിക്ക് ഇനി ഒരുമാസത്തോളം ബാക്കിയുള്ളതിനാൽ ഏതാനും ദിവസങ്ങൾക്കകം തീരും.യാത്രാത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് ആവശ്യമുണ്ട്.
അവധിക്കാലങ്ങളിൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്താറുണ്ടെങ്കിലും സർവിസിന്റെ തൊട്ടുമുമ്പായിരിക്കും പ്രഖ്യാപനമുണ്ടാവുക.അതിനാൽ പല യാത്രക്കാരും അറിയാതെപോകുന്നത് പതിവാണ്. ഇത്തവണയെങ്കിലും പ്രത്യേക തീവണ്ടി നേരത്തേ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.ഇനി കേരള, കർണാടക ആർ.ടി.സി ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് ബംഗളൂരു മലയാളികൾ.യാത്രയുടെ മാസം മുമ്പാണ് ആർ.ടി.സി ബസുകളിൽ ബുക്കിങ് തുടങ്ങുക. അതിനാൽ 10 ദിവസത്തിനകം ബുക്കിങ് തുടങ്ങും.അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.